മഴക്കാലപൂര്‍വ്വ മുന്നൊരുക്കം, തദ്ദേശ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം

post

എറണാകുളം: മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി തോടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍ദ്ദേശിച്ചു. തോടുകള്‍ കാനകള്‍ എന്നിവിടങ്ങളിലെ എക്കല്‍, മാലിന്യം എന്നിവ മഴക്കമുമ്പേ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണം. പഞ്ചായത്തുകള്‍ക്ക് ടെന്‍ഡര്‍ നടപടികളിലൂടെ നിയമപരമായി ജോലികള്‍ പൂര്‍ത്തീകരിക്കാമെന്നും കളക്ടര്‍ അറിയിച്ചു. പെരിയാറില്‍ നിന്നും മണല്‍ വാരുന്നതു സംബന്ധിച്ച് മൈനിംഗ് പ്ലാന്‍ തയാറാക്കുകയാണ്. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

ആലുവ മണ്ഡലത്തിലെ മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എം.എല്‍.എ അന്‍വര്‍ സാദത്തിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍ .  

അങ്കമാലിമാഞ്ഞാലി തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തോട്ടില്‍ അടിയുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഫ്‌ലോട്ടിംഗ് ജെ.സി.ബി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ചെങ്ങല്‍ തോട് വൃത്തിയാക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചതായി സിയാല്‍ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 

വെള്ളപ്പൊക്ക മുണ്ടായാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ പഞ്ചായത്തിനും രണ്ട് ബോട്ടുകള്‍ വീതം അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു. ആംബുലന്‍സ് ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ് വേണമെന്ന ആവശ്യവും എം എല്‍ യോഗത്തില്‍ ഉന്നയിച്ചു. 

ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ കെ.ടി.സന്ധ്യാദേവി, ലാന്‍ഡ് റവന്യൂ ഡപ്യൂട്ടി കളക്ടര്‍ പി.ബി.സുനില്‍ ലാല്‍ , ഡി.എം.ഒ. എം.കെ.കുട്ടപ്പന്‍, പഞ്ചായത്ത്, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.