കോവിഡ് 19: മസ്‌ക്കറ്റില്‍ നിന്ന് 181 പ്രവാസികള്‍ കൂടി നാട്ടിലെത്തി

post

കോഴിക്കോട്: കോവിഡിനെ തുടര്‍ന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി മസ്‌ക്കറ്റില്‍ നിന്ന്  100 പുരുഷന്മാരും 81 സ്ത്രീകളുമടക്കം 181 പ്രവാസികള്‍ കൂടി കരിപ്പൂര്‍ വിമാനത്താവളം വഴി ജന്മനാട്ടില്‍ തിരിച്ചെത്തി. എട്ട് ജില്ലകളില്‍ നിന്നുള്ള 178 യാത്രക്കാരും മാഹി, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് ഐ.എക്‌സ് 1350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഇന്നലെ (മെയ് 28) രാത്രി 7 മണിക്ക് കരിപ്പൂരില്‍ ഇറങ്ങിയത്. 65 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 25 കുട്ടികള്‍, 28 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം.

തിരിച്ചെത്തിയവരില്‍ 7 പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (മലപ്പുറം മൂന്ന്, പാലക്കാട് രണ്ട്, കണ്ണൂര്‍ ഒന്ന്, വയനാട് ഒന്ന്). ഇവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: കോഴിക്കോട് 40, മലപ്പുറം 58, കണ്ണൂര്‍ 20, കാസര്‍കോട്  9, പാലക്കാട്  29, വയനാട് 10, തൃശൂര്‍ 9, എറണാകുളം 3.

ഇവരില്‍ 80 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലേക്കു മാറ്റി. കോഴിക്കോട് 22, മലപ്പുറം 30, കണ്ണൂര്‍ 8, കാസര്‍കോട്  3, പാലക്കാട്  5, വയനാട് 6, തൃശൂര്‍ 2, എറണാകുളം 3, മാഹി ഒന്ന്. 94 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. കോഴിക്കോട് 18, മലപ്പുറം 25, കണ്ണൂര്‍ 11, കാസര്‍കോട് 6, പാലക്കാട്  22, വയനാട് 3, തൃശൂര്‍ 7, തമിഴ്‌നാട് ഒന്ന്, ശ്രീലങ്ക ഒന്ന്.


NRI