കനാലുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടി

post

എറണാകുളം: കൊച്ചി നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഏകീകൃത നഗര പുനരുജ്ജീവന ജല ഗതാഗത പദ്ധതിയുടെ ഭാഗമായി തേവര  പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ തോട് എന്നീ കനാലുകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് ജില്ല കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടത്.

ഈ കനാലുകളില്‍ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മാലിന്യങ്ങള്‍, ചപ്പുചവറുകള്‍, മലിനജലം, മലമൂത്ര വിസര്‍ജനം, വ്യവസായ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവ പ്രത്യക്ഷമായോ പരോക്ഷമായോ നിക്ഷേപിക്കരുത്. കനാലുകളുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്ന കൈയേറ്റങ്ങളും അനുവദിക്കില്ല.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 , 278, കേരള പോലീസ് നിയമം സെക്ഷന്‍ 120(ല), 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ സെക്ഷന്‍ 340(1), 340(ല), 341, 342, പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷന്‍ 15, 1974ലെ ജലമലിനീകരണ നിയന്ത്രണ നിയമം സെക്ഷന്‍ 24, 2005ലെ ദുരന്തനിവാരണ നിയമം സെക്ഷന്‍ 51,54,55,56 എന്നിവ പ്രകാരം ശിക്ഷ നടപടികള്‍ സ്വീകരിക്കും.

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം, ജില്ലാ പോലീസ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് ഉത്തരവ് നടപ്പിലാക്കേണ്ട ചുമതല.