പെന്‍ഷന്‍ ഇല്ലാത്ത ബി.പിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് ധനസഹായ വിതരണം ആരംഭിച്ചു

post

കോട്ടയം: സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ലഭിക്കാത്ത ബി.പി.എല്‍ (പി.എച്ച്.എച്ച്), എ.എ.വൈ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പ്രകാരമുള്ള ധനസഹായ വിതരണം ജില്ലയില്‍ ആരംഭിച്ചു. ഒരു കുടുംബത്തിന് 1000 രൂപയാണ് നല്‍കുന്നത്.തുക സഹകരണ ബാങ്കുകളും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും മുഖേന വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്.

ആകെ 80878 ഗുണഭോക്തൃ കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇവര്‍ക്കായി 8.08 കോടി രൂപ ധനകാര്യ വകുപ്പ് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അക്കൗണ്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ മുന്‍കരുതലുകളോടെ മെയ് 26 നാണ് വിതരണം ആരംഭിച്ചത്. 8300 കുടുബങ്ങള്‍ക്ക് സഹായം എത്തിച്ചു. തുക കൈപ്പറ്റുന്നവരില്‍ നിന്നും നിശ്ചിത മാതൃകയിലുള്ള സത്യവാങ്ങ്മൂലം വാങ്ങുന്നുണ്ട്.

വിതരണത്തിന്റെ മേല്‍നോട്ടത്തിനായി ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഏകോപനത്തിന് അഡീഷണല്‍ രജിസ്ട്രാറുടെ(ജനറല്‍) നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നു. ജൂണ്‍ നാലിനു മുന്‍പ് ധനസഹായ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)എന്‍. പ്രദീപ് കുമാര്‍ അറിയിച്ചു