മത്സ്യതൊഴിലാളികള്‍ക്ക് ഫൈബര്‍ റീ എന്‍ഫോഴ്‌സ്ഡ് വള്ളം വിതരണം ചെയ്തു

post

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29,20,000 രൂപ ചെലവഴിച്ച് 73 മത്സ്യത്തൊഴിലാളികള്‍ക്ക് ഫൈബര്‍ റീ എന്‍ഫോഴ്‌സ്ഡ് വള്ളം വാങ്ങി നല്‍കി. പദ്ധതിയുടെ ആദ്യവിതരണം ജില്ല പഞ്ചായത്തില്‍, പ്രസിഡന്റ് ജി.വേണുഗോപാല്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ചുവടുപിടിച്ചാണ് ജില്ല പഞ്ചായത്ത്, ഗുണനിലവാരമുള്ളതും കടലിലും  കായലിലും ഒരു പോലെ ഉപയോഗിക്കാവുന്നതുമായ വള്ളം വാങ്ങി നല്‍കിയതെന്ന്  ജി..വേണുഗോപാല്‍ പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ ആവിഷ്‌കരിച്ച് പഞ്ചായത്തുകള്‍ വേഗത്തില്‍ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.  21,90,000 പദ്ധതി വിഹിതവും, 7,30,000 ഗുണഭോക്തൃവിഹിതവുമാണ്. നേരത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് വല നല്‍കുന്ന പദ്ധതി ജില്ല പഞ്ചായത്ത് നടപ്പാക്കിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. 75 ശതമാനം സബ്‌സിഡിയിലാണ് വള്ളങ്ങള്‍ നല്‍കിയത്.