ദൗത്യം പദ്ധതി; മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

post

കോട്ടയം: പകര്‍ച്ച വ്യാധികള്‍ക്കെതിരെ ഹോമിയോപ്പതി വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന ദൗത്യം പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് ജില്ലയില്‍ പര്യടനം തുടങ്ങി. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങള്‍ വിദൂര മേഖലകളിലുള്ളവര്‍ക്കും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഡെങ്കിപ്പനി, എലിപ്പനി എന്നിവ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചക്ക് രണ്ടു വരെ പഞ്ചായത്ത് തല ഹോമിയോ ഡിസ്‌പെന്‍സറികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. 10 വയസില്‍ താഴെയുളള കുട്ടികള്‍ക്കും 60 ന് മുകളില്‍ പ്രായമുളളവര്‍ക്കും മുന്‍ഗണനയുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. വാഹനത്തിന്റെ ആദ്യ പര്യടനം അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലേക്കാണ് വാഹനം അയച്ചത്.