വിക്ടോറിയ ആശുപത്രി ഇന്ന് മുതല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജം

post

കൊല്ലം: ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രി ഇന്ന് മുതല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍, നവജാത ശിശു തീവ്രപരിചരണ വിഭാഗം എന്നിവ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചുകൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും സേവനത്തിന് സജ്ജമായി കഴിഞ്ഞു.  പ്രസവം കഴിഞ്ഞ വ്യക്തിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍, നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം എന്നിവ അണുവിമുക്തമാക്കുവാന്‍ വേണ്ടി താത്കാലികമായി മൂന്നു ദിവസം അടച്ചിടുകയുണ്ടായി. ആശുപത്രിയിലെ വാര്‍ഡുകളും പരിസരവും ഉള്‍പ്പടെ അണുവിമുക്തമാക്കപ്പെട്ടു. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ പ്രസവ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചെങ്കിലും ഗൈനക്ക് ഒ പി, പീഡിയാട്രിക് ഒ പി, ലാബോറട്ടറി, ഫാര്‍മസി തുടങ്ങിയവ തടസമില്ലാതെ പ്രവര്‍ത്തിച്ചു. അതുകൂടാതെ കുട്ടികളുടെ ഇമ്മ്യൂണൈസേഷനും നടക്കുകയുണ്ടായി.

ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള കോവിഡ് 19 ഐസോലേഷന്‍ വാര്‍ഡില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ജീവനക്കാരുടെ സ്രവ സാമ്പിള്‍ ശേഖരിച്ച് ടെസ്റ്റിനായി അയച്ചു. രോഗിയുമായി നേരിട്ടോ അല്ലതെയോ ബന്ധമുണ്ടായിരുന്ന ജീവനക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍/ഹോം ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. നിരീക്ഷണത്തില്‍ പോയ ജീവനക്കാര്‍ക്ക് പകരം മൂന്നു ഗൈനക്കോളജിസ്റ്റ്, അഞ്ച് അസിസ്റ്റന്റ് സര്‍ജന്‍മാര്‍, 21 സ്റ്റാഫ് നഴ്‌സ്, 10 മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരെ മറ്റ് ആശുപത്രികളില്‍ നിന്ന് വിക്ടോറിയ ആശുപത്രിയിലേക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നടപടിപ്രകാരം നിയമിച്ചിട്ടുണ്ട്.