കളക്ടറേറ്റിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകരെ യാത്രയാക്കി

post

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിനൊപ്പം കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ യാത്രയാക്കി. മാര്‍ച്ച് 12 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24പേര്‍ അടങ്ങുന്ന സംഘം കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലും കാള്‍ സെന്ററിലും പ്രവര്‍ത്തിച്ചു വന്നിരുന്നു.  പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിദ്യാര്‍ത്ഥികളാണിവര്‍. 

ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുടങ്ങുന്നതിനോടനുബന്ധിച്ചു ജില്ലാ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കളക്ടറേറ്റില്‍ എത്തിയത്. കഴിഞ്ഞ രണ്ടര മാസമായി എല്ലാ ദിവസങ്ങളിലും മൂന്നു ഷിഫ്റ്റുകളിലായായിരുന്നു  പ്രവര്‍ത്തനം. ഇവര്‍ക്കുള്ള താമസവും ഭക്ഷണവും ഒരുക്കിയിരുന്നു. പോകുന്നതിനു മുന്‍പ് കളക്ടര്‍ എല്ലാവര്‍ക്കും ആശംസകളും നന്ദിയും അറിയിച്ചു. കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കണ്‍ട്രോള്‍ റൂമിലും കാള്‍ സെന്ററിലും  പ്രവര്‍ത്തിക്കാനായി പുതുതായി 12 വോളന്റിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവര്‍ക്കുവേണ്ട പരിശീലനം നല്‍കിയതായും ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി സൂപ്രണ്ട് ലാലിമോള്‍ അറിയിച്ചു.