വി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

post

കേരളത്തിൽ ജനാധിപത്യ വികേന്ദ്രീകരണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിൽ: ടി. ആർ. രഘുനന്ദൻ

വി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. കേരളത്തിൽ ജനാധിപത്യ വികേന്ദ്രീകരണം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ഭരണ-വികേന്ദ്രീകരണ വിദഗ്ധനുമായ ടി.ആർ. രഘുനന്ദൻ പറഞ്ഞു. കേരളം ഇക്കാര്യത്തിൽ രാജ്യത്തിന് തന്നെ വഴികാട്ടിയാകണമെന്നും അനുസ്മരണ പ്രഭാഷണത്തിൽ രഘുനന്ദൻ പറഞ്ഞു. തിരുവനന്തപുരം സി.എം.ഡി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 'ഇന്ത്യയിലെ ജനാധിപത്യ വികേന്ദ്രീകരണം വഴിത്തിരിവിൽ' എന്ന വിഷയത്തിലാണ് ടി.ആർ. രഘുനന്ദൻ പ്രഭാഷണം നടത്തിയത്.


സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് (സി.എം.ഡി) മുൻ ചെയർമാനും പ്രമുഖ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായിരുന്നു വി. രാമചന്ദ്രൻ. മാനേജ്‌മെന്റ്, ആസൂത്രണം, വികസനം, വികേന്ദ്രീകരണം, ധനകാര്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വി. രാമചന്ദ്രൻ അറിവിന്റെ നിരവധി മേഖലകളിൽ അവഗാഹമുള്ള വ്യക്തിത്വമായിരുന്നുവെന്ന് രഘുനന്ദൻ ഓർമിച്ചു.


ചടങ്ങിൽ വി. രാമചന്ദ്രന്റെ ലേഖനങ്ങൾ സമാഹരിച്ച രണ്ട് പുസ്തകങ്ങൾ ടി. ആർ. രഘുനന്ദൻ പ്രകാശനം ചെയ്തു. സി.എം.ഡി ചെയർമാൻ എസ്.എം. വിജയാനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സി.എം.ഡി ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് സി. തുടങ്ങിയവർ പങ്കെടുത്തു.