തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ബിഎൽഒമാർ നവംബർ നാലു മുതൽ ഗൃഹ സന്ദർശനത്തിന്
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ പത്തനംതിട്ട ജില്ലയിൽ നവംബർ നാലു മുതൽ ഒരു മാസം വീടുകൾ സന്ദർശിച്ച് എന്യുമറേഷൻ ഫോം വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. ബിഎൽഒ മാരുടെ ഭവന സന്ദർശനം മുൻകൂട്ടി രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. എന്യുമറേഷൻ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ കളക്ഷൻ സെന്ററുകൾ സജ്ജീകരിക്കും. കരട് വോട്ടർ പട്ടിക ഡിസംബർ ഒമ്പതിന് പ്രസിദ്ധീകരിക്കും. പട്ടികയെ കുറിച്ചുള്ള എതിർപ്പുകളും ആവശ്യങ്ങളും അപേക്ഷിക്കാനുള്ള കാലയളവ് ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി എട്ടുവരെയാണ്. ഹിയറിംഗും പരിശോധനയുമുള്ള നോട്ടീസ് ഘട്ടം ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി 31 വരെ നടക്കും. അവസാന വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
ബൂത്ത് ലെവൽ ഓഫിസർമാരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവനം പൂർണമായും വിട്ടു നൽകുന്നതിന് എല്ലാ ഓഫീസ് മേധാവികൾക്കും ജില്ലാ കലക്ടർ നിർദേശം നൽകി. തങ്ങളുടെ കാര്യാലയത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ വഹിച്ചിരുന്ന ചുമതലകൾക്ക് പകരം ക്രമീകരണം ഒരുക്കാനും നിർദേശിച്ചു. ജില്ലയിൽ 1077 ബൂത്ത് ലെവൽ ഓഫീസർമാരാണുള്ളത്. 10 ബിൽഒമാർക്ക് ഒരു ബിഎൽഒ സൂപ്പർവൈസറുണ്ടാകും. അനാഥ മന്ദിരങ്ങൾ, ഉന്നതികൾ തുടങ്ങിയ സ്ഥലങ്ങളിൽ എന്യുമറേഷൻ ഫോം വിതരണം ചെയ്യും. ആദ്യ രണ്ടു ദിവസം പ്രമുഖ വ്യക്തികളുടെ വീടുകളും സന്ദർശിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് ഓൺലൈൻ മുഖേനെയോ വാട്ട്സ്ആപ്പിലൂടെയോ ഫോം സമർപ്പിക്കാൻ അവസരമുണ്ട്. ബിഎൽഒ മാർ മൂന്നു തവണ വീടുകൾ സന്ദർശിക്കും. 13 തിരിച്ചറിയൽ രേഖകളിലൊന്ന് വോട്ടർമാർക്ക് ഹാജരാക്കണം. ഫോം പൂരിപ്പിച്ച് തിരികെ ബിഎഒമാർക്ക് നൽകണം.
എന്യുമറേഷൻ ഫോം വിതരണം, ഫോം തിരകെ സ്വീകരിച്ച് ഇലക്ടറൽ രജിസ്ട്രഷേൻ ഓഫീസർക്ക് കൈമാറുന്നത് തുടങ്ങി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമാക്കുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് ബി എൽ ഒ സൂപ്പർവൈസർമാർ നിർദേശം നൽകണമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫും പങ്കെടുത്തു. വോട്ടർമാരുടെ സംശയനിവാരണത്തിനായി ജില്ലാ ഇലക്ഷൻ വിഭാഗത്തിൽ ക്രമീകരിച്ചിട്ടുളള ഹെൽപ് ഡസ്‌കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ നിർവഹിച്ചു. ഹെൽപ് ഡസ്‌ക് ഫോൺ : 0468 2224256









