മലയാളഭാഷാദിനാഘോഷത്തിന്റെയും ഭരണവാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളഭാഷാദിനാഘോഷത്തിന്റെയും ഭരണവാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് നിര്‍വഹിച്ചു. ഭാഷയും പ്രകൃതിയുമാണ് കേരളത്തെ സമ്പന്നമാക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു. ഭാഷയുടെ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനും സുതാര്യമാക്കാനും മാതൃഭാഷയ്ക്ക് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭരണഭാഷാ പ്രതിജ്ഞയും കളക്ടര്‍ ചൊല്ലിക്കൊടുത്തു.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് കുമാര്‍ കെ.ആര്. അധ്യക്ഷത വഹിച്ചു. പ്രസിദ്ധീകരണങ്ങളില്‍ ഭാഷ എഡിറ്റ് ചെയ്ത് ശുദ്ധഭാഷയായി ഉപയോഗിക്കപ്പെടുമ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റുകളുടെ കൂമ്പാരമായി ഭാഷ മാറുന്നുണ്ടെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
മുരിക്കാശേരി പാവനാത്മ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ബെന്നോ പുതിയാപറമ്പില്‍ പ്രഭാഷണം നടത്തി. ഒന്നാം ഭാഷയാകേണ്ട മലയാളം ഇന്നും രണ്ടാം ഭാഷയായിട്ടാണുള്ളതെന്നത് ഈ മലയാള ദിനത്തിലും നമ്മള് ഓര്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയാളഭാഷയെ കൃത്യമായി ഉപയോഗിക്കാന്‍ അറിയാത്ത ഒരു തലമുറ വളര്‍ന്നു വരുന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം നാം മനസിലാക്കണം. അതിനാല്‍ വളരെ ഗൗരവമായി തന്നെ ഭാഷ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയുടെ വികാസം സാഹിത്യം,കല,സംസ്കാരം എന്നിവയിലൂടെയാണെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിയ അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.പി. ജയകുമാര്‍ പറഞ്ഞു. ഭാഷയുടെ വൈവിധ്യങ്ങളെ നാം മനസിലാക്കണം. അതുവഴി നമ്മുടെ ഭാഷയുടെ ശക്തി മനസിലാക്കണമെന്നു അദ്ദേഹം പറഞ്ഞു. മറ്റു ഭാഷകളില്‍ നിന്ന് മലയാളഭാഷ വ്യത്യസ്തമാക്കുന്നത് പദസമ്പത്ത് കൊണ്ടാണ്. വിവിധ ഭാഷകളില്‍ നിന്ന് മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട കൃതികളുടെ വായനയും മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥ്, സാക്ഷരത മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍ കരീം, ജില്ലാ ലോ ഓഫീസര്‍ രഘുറാം ജി, ഫിനാന്‍സ് ഓഫീസര്‍ സുജികുമാര്‍ കെ.എ, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സുനില്‍കുമാര്‍ എം.എന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.










