ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ യുവ കര്‍ഷകന്റെ കുടുക്കയിലെ നാണയത്തുട്ടുകളും

post

പത്തനംതിട്ട: നാലുവര്‍ഷമായി സമ്പാദ്യകുടുക്കയില്‍ ശേഖരിച്ചു വച്ചിരുന്ന നാണയ തുട്ടുകള്‍ എടുത്ത് ആഹാരസാധനങ്ങള്‍ വാങ്ങി കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ കൈത്താങ്ങ് പദ്ധതിയിലൂടെ അവശത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കി യുവകര്‍ഷകന്‍. വകയാര്‍ സ്വദേശിയായ മേക്കാട്ട് വീട്ടില്‍ അലന്‍ എ. തോമസാണ്(27)കൈത്താങ്ങ് ഹെല്‍പ്പ് ഡസ്‌കില്‍ 100 കിലോ പഞ്ചസാരയും 26 കിലോ വെളിച്ചെണ്ണയും എത്തിച്ചത്.

പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തുന്ന അലന്‍ കൈയില്‍ ലഭിക്കുന്ന പത്ത്, അഞ്ച് രൂപ നാണയങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷമായി കുടുക്കയില്‍ സൂക്ഷിച്ചു വച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴിലാളി കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നതു മനസിലാക്കിയ അലന്‍ കുടുക്ക പൊട്ടിച്ച്, അതിലുണ്ടായിരുന്ന തുക ഉപയോഗിച്ചു പഞ്ചസാരയും, വെളിച്ചെണ്ണയും വാങ്ങി കിറ്റുകളില്‍ നല്‍കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. കോളനി മേഖലയില്‍ പഞ്ചസാരയും വെള്ളിച്ചെണ്ണയും കിറ്റുകളിലാക്കി വിതരണം ചെയ്യുമെന്നു കൈത്താങ്ങ് പദ്ധതി പ്രവര്‍ത്തകര്‍ അറിയിച്ചു.