കമ്യൂണിറ്റി കിച്ചണ്‍; ജില്ലയില്‍ ഒരിടത്തും ഭക്ഷണ വിതരണം തടസപ്പെട്ടിട്ടില്ലെന്ന് കളക്ടര്‍

post

കോട്ടയം : തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചണ്‍ മുഖേനയുള്ള ഭക്ഷണ വിതരണത്തില്‍ കോട്ടയം ജില്ലയില്‍ ഒരിടത്തും തടസമുണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു. സാമ്പത്തിക പ്രതിസന്ധിയോ മറ്റ് അസൗകര്യങ്ങളോ മൂലം ഒരിടത്തും കമ്യൂണിറ്റി കിച്ചണ്‍ നിര്‍ത്തിലാക്കിയിട്ടില്ല. അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും ഭക്ഷണ വിതരണത്തില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്നു. തനതു ഫണ്ടും വികസന ഫണ്ടും കമ്യൂണിറ്റി കിച്ചണുകള്‍ക്കുവേണ്ടി വിനയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്. ഇതുവരെ ഒരു കേന്ദ്രത്തിലും വീഴ്ച്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

ഫണ്ട് ഇല്ലാത്തതിനാല്‍ ഭക്ഷണ വിതരണം തടസപ്പെട്ടെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണുമായി സംസാരിച്ചിരുന്നു. ഭക്ഷണം മുടങ്ങിയതു സംബന്ധിച്ച് അറിവില്ലെന്നാണ് ചെയര്‍ പേഴ്‌സണ്‍ അറിയിച്ചത്. വ്യാഴാഴ്ച്ച രാവിലെ എണ്ണൂറു പേര്‍ക്കും ഉച്ചയ്ക്ക് 962 പേര്‍ക്കും വൈകുന്നേരം 300 പേര്‍ക്കും മുനിസിപ്പാലിറ്റിയിലെ കമ്യൂണിറ്റി കിച്ചണുകള്‍ മുഖേന ഭക്ഷണം നല്‍കിയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 250 പേര്‍ക്കും ഉച്ചയ്ക്ക് 400 പേര്‍ക്കുമാണ് നല്‍കിയത്.മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ച മൂന്ന് കിച്ചണുകളും ഇപ്പോഴും തുടരുന്നുണ്ട്.

കമ്യൂണിറ്റി കിച്ചണുകള്‍ മുഖേന വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ആദ്യ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചതും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കിയതുമാണ് ഇതിന് കാരണമെന്ന് മനസിലാക്കുന്നു. ഈ സാഹചര്യത്തില്‍ ചില പഞ്ചായത്തുകളില്‍ അധികമായി വന്ന കിച്ചണുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പ്രതിസന്ധിമൂലം ജില്ലയില്‍ ഒരിടത്തും ഈ സേവനം നിര്‍ത്തിയിട്ടില്ല-കളക്ടര്‍ പറഞ്ഞു.