സഹകരണ മേഖലയിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

post

തിരുവനന്തപുരം : കോവിഡ് 19  മൂലമുണ്ടായ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി പിന്തുണക്കുന്നതിന് സഹകരണ മേഖലയിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് സഹകരണം ടൂറിസം ദേവസ്വം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജീവനക്കാരുടെ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. വിവിധ വിഭാഗം ജീവനക്കാര്‍ ശമ്പളം സംഭാവനയായി നല്‍കേണ്ട രീതി സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ വിശദമായ സര്‍ക്കുലര്‍ ഇറക്കും. പാര്‍ട്ട് ടൈം ജീവനക്കാര്‍, ദിവസവേതനക്കാര്‍, കളക്ഷന്‍ ഏജന്റുമാര്‍ എന്നിങ്ങനെ ചുരുങ്ങിയ വരുമാനമുള്ളവരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ പൊതു നിര്‍ദ്ദേശം സഹകരണ മേഖലക്കും ബാധകമാക്കും.

യോഗത്തില്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍, സംസ്ഥാന - ജില്ലാ സഹകരണ ബാങ്ക് (കേരള ബാങ്ക്) ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍, കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.