ആദിവാസി കോളനികളില്‍ ഭക്ഷണ ലഭ്യത ഉറപ്പാക്കും

post

വയനാട്: കോവിഡ് ജാഗ്രതയില്‍ കോളനിയില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണ ലഭ്യത  ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള നേരിട്ടെത്തി. പൂതാടി പഞ്ചായത്തിലെ ഇരുളം വനഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളെയും ചീയമ്പം 73 കാട്ടുനായ്ക്ക കോളനിവാസികളെയും കാണാനാണ് കളക്ടര്‍ എത്തിയത്. ഇവിടങ്ങളിലെ താമസക്കാരോട് ഭക്ഷണ സാധനങ്ങളുടെ ലഭ്യത, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു. ഭക്ഷണ സാധനങ്ങളുടെ കുറവ് അറിയിച്ച 33 കുടുംബങ്ങള്‍ക്ക് കളക്ടറുടെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ നല്‍കി. ഇരുളം വനഭുമിയില്‍ 113 കുടുംബങ്ങളും ചീയമ്പം 73 കാട്ടുനായ്ക്ക കോളനിയില്‍ 310 കുടുംബങ്ങളുമാണ് താമസിക്കുന്നത്.  

ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളും സന്ദര്‍ശിച്ച് ഭക്ഷണ ലഭ്യത ഉറപ്പാക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ ട്രൈബല്‍ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പണം കോര്‍പ്പസ് ഫണ്ടില്‍ നിന്നും വിനിയോഗിക്കാം. കോളനി സന്ദര്‍ശനത്തില്‍ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ കെ. സി. ചെറിയാന്‍, ആര്‍.ടി.ഒ. എം. പി. ജയിംസ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസറായ സി. ഇസ്മായില്‍, വാര്‍ഡ് മെമ്പര്‍മാരായ ടി. ആര്‍. രവി, ഷീജ ബിജു, കെ. കെ. റിയാസ് തുടങ്ങിയവരും ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.