സൗജന്യ റേഷന്‍ വിതരണം തുടങ്ങി

post

 വയനാട്  : കോവിഡ് ലോക്ക് ഡൗണ്‍  പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ തുടങ്ങി. രാവിലെ ഒന്‍പത് മുതല്‍ ഒന്ന് വരെ മുന്‍ഗണനാ വിഭാഗക്കാര്‍ക്കും, രണ്ട് മുതല്‍ അഞ്ച് വരെ മുന്‍ഗണനേതര വിഭാഗക്കാര്‍ക്കുമാണ് റേഷന്‍ വിതരണം. രോഗ വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരമുളള ക്രമീകരണങ്ങള്‍ ഒരുക്കിയാണ് റേഷന്‍ വിതരണം ചെയ്യുന്നത്. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരേ സമയം ക്യൂവിലോ കടയിലോ നില്‍ക്കാന്‍ പാടില്ല. മഞ്ഞ (എഎവൈ) കാര്‍ഡുടമകള്‍ക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ലഭിക്കും. പിങ്ക് (പി.എച്ച്.എച്ച്) കാര്‍ഡുടമകള്‍ക്ക് ഒരാള്‍ക്ക് അഞ്ച് കിലോ അരി വീതവും നീല (എന്‍.പി.എസ്), വെള്ള (എന്‍.പി.എസ്) കാര്‍ഡുടമകള്‍ക്ക് 15 കിലോ അരിയും ലഭിക്കും.  

എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ ഉറപ്പ് വരുത്തും. മുഴുവന്‍ റേഷന്‍ കടകളിലും ഇതിനോടകം സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.  തിരക്ക് നിയന്ത്രിക്കുന്നതിനായി നടത്തിയിട്ടുള്ള ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി ആവശ്യപ്പെട്ടു.   ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് ആവശ്യമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇ-പോസ് മെഷീനിലൂടെയുളള പഞ്ചിംഗ് സംവിധാനം മുന്‍കരുതലിന്റെ ഭാഗമായി നിര്‍ത്തലാക്കി.

 പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനായി ലീഗല്‍ മെട്രോളജി, പൊതു വിതരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവരടങ്ങിയ സ്‌ക്വാഡ് ജില്ലയിലെ 600 കടകള്‍ പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ നിത്യോപയോഗ സാധനങ്ങളും വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിതരണ മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും ജില്ലാ സപ്ലൈ ഓഫീസ് - 9188527326, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് - 9188527405, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസ് - 9188527406, സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസ് - 9188527407 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.