24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 237 പേര്‍ ചികിത്സയില്‍

post

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (01 ഏപ്രില്‍ 2020) 24 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ളവരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം - 3, തിരുവനന്തപുരം - 2, തൃശൂര്‍ - 2, കണ്ണൂര്‍ - 2, മലപ്പുറം - 2, പാലക്കാട് - 1 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശത്തു നിന്നെത്തിയ മലയാളികളും ബാക്കിയുള്ളവര്‍ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമാണ്.

നിലവില്‍ 1,64,130 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.  ഇതില്‍ 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലുമാണ്. ഇന്നലെ മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങളുള്ള 7,965 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 7,256 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥീകരിച്ച 265 പേരില്‍ 191 പേര്‍ വിദേശത്തുനിന്നെത്തിയ മലയാളികളാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഏഴു പേര്‍ വിദേശികളാണ്. ബാക്കിയുള്ള 67 പേര്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 26 പേരുടെ പരിശോധനാ ഫലം നെഗറ്റിവായി. ഇതില്‍ നാലു പേര്‍ വിദേശികളാണ്.

ലോക്ഡൗണിനെത്തുടര്‍ന്നു കേരളത്തില്‍ കുടുങ്ങിയ 232 യൂറോപ്യന്‍ പൗരന്‍മാരെ നാട്ടിലെത്തിക്കാനുള്ള സംസ്ഥാനത്തിന്റെ ഇടപെടലിനു മികച്ച ഗുണഫലമാണുണ്ടായതെന്നു മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ പൗരന്‍മാരെ തിരികെയെത്തിക്കാനുള്ള ജര്‍മന്‍ എംബസിയുടെ താത്പര്യത്തിനു സര്‍ക്കാര്‍ പൂര്‍ണ സഹായം നല്‍കി. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര വകുപ്പ് മികച്ച ഇടപെടലാണു നടത്തിയത്. മടങ്ങിയവര്‍ സന്തുഷ്ടരാണെന്ന് അവര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  

കാസര്‍കോഡ് മെഡിക്കല്‍ കോളജ് നാലു ദിവസത്തിനകം കോവിഡ് ആശുപത്രിയായി പൂര്‍ണ തോതില്‍ മാറ്റാന്‍ കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ നടക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നു റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ സാധാരണ നിലയ്ക്കുള്ള പരിശോധനകള്‍ നടക്കുന്നില്ലെന്ന പരാതികള്‍ ലഭിച്ചിരുന്നു. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാനും പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ചികിത്സ കിട്ടാത്തതിന്റെ പേരില്‍ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.