സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍

post

കൊല്ലം : കോവിഡ് 19 രോഗപ്രതിരോധ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇന്നു(ഏപ്രില്‍ 1) തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും റേഷന്‍ വിതരണം നടത്തും. ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ശാരീരിക അകലം കൃത്യമായി പാലിക്കണം. ഇതിനായി ടോക്കണ്‍ വ്യവസ്ഥപോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സാധനങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കും. ജനപ്രതിനിധികളുടെയും രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഇതിനായി റേഷന്‍ വ്യാപാരികള്‍ക്ക് ഉപയോഗിക്കാം.

റേഷന്‍ വിതരണം സുഗമമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ വേണം. സന്നദ്ധ പ്രവര്‍ത്തകര്‍ അന്ത്യോദയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പരിഗണന നല്‍കണം.  വീടുകളില്‍ തനിച്ച് കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍, ശാരീരിക അവശത ഉള്ളവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടല്‍ നടത്തണം. കടകളില്‍ തിരക്ക് ഒഴിവാക്കാനും ശാരീരിക അകലം ഉറപ്പാക്കാനും ക്രമീകരണങ്ങള്‍ നടത്തണം.

കാര്‍ഡ് നമ്പറിനെ അടിസ്ഥാനപ്പെടുത്തിയാണ് വിതരണം ക്രമീകരിക്കുക. ഇന്ന് (ഏപ്രില്‍ 1) വിതരണം ചെയ്യുന്നത് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്കായിരിക്കും. നാളെ (ഏപ്രില്‍ 2) രണ്ട്,. മൂന്ന്  അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍, ഏപ്രില്‍ മൂന്നാം തീയതി നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍, ഏപ്രില്‍ നാലിന് ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍, ഏപ്രില്‍ അഞ്ചാം തീയതി എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കായിരിക്കും റേഷന്‍ നല്‍കുക.

നിശ്ചിത ദിവസങ്ങളില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും.

സൗജന്യ റേഷന്‍ വിതരണക്രമം

എ എ വൈ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 35 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യം. പി എച്ച് എച്ച് (പ്രയോറിറ്റി ഹൗസ് ഹോള്‍ഡ് (പിങ്ക്കാര്‍ഡ്)) റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഒരംഗത്തിന് അഞ്ച് കിലോഗ്രാം വീതം സൗജന്യമായി ലഭിക്കും. എന്‍ പി എസ്(നീല കാര്‍ഡ്) റേഷന്‍ കാര്‍ഡുടമകള്‍ക്ക്  15 കിലോഗ്രാം അരി സൗജന്യം. എന്‍ പി എന്‍ എസ് (വെള്ള) റേഷന്‍ കാര്‍ഡുടമകള്‍ക്ക് 15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും.

ജില്ലയിലെ ഏതു റേഷന്‍ കടയില്‍ നിന്നും കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാവുന്നതാണ്. റേഷന്‍ വിതരണം സുഗമമായി നടക്കുന്നുവെന്ന് അതത് പ്രദേശത്തെ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസറുടെ മേല്‍നോട്ടത്തില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ ഉറപ്പുവരുത്തണം. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം നല്‍കും. ഇതിനായി ആധാര്‍ കാര്‍ഡും, ഫോണ്‍ നമ്പരും ചേര്‍ത്തുളള സത്യവാങ്മൂലം ബന്ധപ്പെട്ട വ്യക്തി നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കമ്പോള വിലയുടെ (കിലോഗ്രാമിന് 40 രൂപ) ഒന്നര ഇരട്ടി പിഴയായി ഈടാക്കും.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. റേഷന്‍ കടകളില്‍ ലഭ്യമാക്കിയിട്ടുളള സോപ്പും, വെളളവും/ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവ ഉളളവര്‍ റേഷന്‍ കടകള്‍ സന്ദര്‍ശിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എപ്രില്‍ 20 ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും.