കോവിഡ് 19 : ജീവന്‍രക്ഷാ മരുന്നുകള്‍ കൊറിയര്‍ വഴി എത്തിക്കും: ജില്ലാ കലക്ടര്‍

post

കൊല്ലം : ജീവന്‍ രക്ഷാമരുന്നുകള്‍ കൊറിയര്‍ സര്‍വീസ് വഴി എത്തിച്ച് കൊടുക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ആഹാര വിതരണ ശൃഖലയായ സ്വിഗ്ഗി, ഊബര്‍ പോലുള്ള സംവിധാനങ്ങളും മരുന്നു വിതരണത്തിന് ഉപയോഗപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ഉള്‍പ്പെടെ അവശ്യ മരുന്നുകള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായുള്ള പരാതിയെ തുടര്‍ന്ന് വിളിച്ചു  ചേര്‍ത്ത യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ആവശ്യത്തിന് മരുന്ന് ജില്ലയില്‍ സ്റ്റോക്കുണ്ട്. ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകള്‍ എത്തിക്കുന്നതിന് കോള്‍ഡ് ചെയിന്‍ സംവിധാനം ഒരുക്കും. മരുന്നുമായി ബന്ധപ്പെട്ട ജീവനക്കാരെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ യാത്രാവിലക്ക് ബാധകമായിരിക്കില്ല. അവശ്യമെങ്കില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷവും ഇവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പ്രത്യേക അനുമതി നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. അന്യജില്ലയില്‍ നിന്നും മരുന്നുകള്‍ എത്തിക്കുന്നതിന് ഡ്രഗ്ഗിസ്റ്റുകള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കും. വാഹന ഡ്രൈവര്‍മാര്‍ക്ക് ആഹാരവും മറ്റ് സൗകര്യങ്ങളും നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. മരുന്നുകളുടെ ലഭ്യതയെ സംബന്ധിച്ച സംശയങ്ങള്‍ക്ക് 8547702105(മാര്‍ട്ടിന്‍, സീനിയര്‍ ഡ്രഗ്ഗിസ്റ്റ്) 8921297634 (ഗീത, സീനിയര്‍ ഡ്രഗ്ഗിസ്റ്റ്) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

യോഗത്തില്‍ എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ജെ മണികണ്ഠന്‍, ഡോ ആര്‍ സന്ധ്യ, ഡ്രഗ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, ഡ്രഗ്ഗിസ്റ്റ് പ്രതിനിധികള്‍, കൊറിയര്‍ സര്‍വീസ് ജവനക്കാര്‍, സ്വിഗ്ഗി പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.