അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും; ഇപ്പോള്‍ നാട്ടിലേക്ക് അയയ്ക്കാനാവില്ലെന്ന് മന്ത്രി തിലോത്തമന്‍

post

  1. ഭക്ഷണലഭ്യത സംബന്ധിച്ച പരാതികളില്ല
  2. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും
  3.  പ്രതിഷേധം ആസൂത്രിതമെന്ന് സൂചനകള്‍
  4. ലോക് ഡൗണ്‍ ലംഘിക്കാനിടയായ സാഹചര്യം പോലീസ് പരിശോധിക്കും

കോട്ടയം : പായിപ്പാട്ട്  പ്രതിഷേധം നടത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ ആവശ്യപ്പെട്ടതനുസരിച്ച് നിലവിലെ സാഹചര്യത്തില്‍ അവരെ നാട്ടിലെത്തിക്കാനാവില്ലെന്ന് മന്ത്രി പി. തിലോത്തമന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.  കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സമൂഹ സമ്പര്‍ക്കം ഒഴിവാക്കുകയും നിലവിലുള്ള സ്ഥലങ്ങളില്‍തന്നെ തുടരുകയും വേണമെന്ന നിര്‍ദേശം തൊഴിലാളികള്‍ ലംഘിച്ചതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് മനസിലാക്കുന്നു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടത്തും.

ലോക് ഡൗണ്‍ കാലത്ത് പായിപ്പാട്ടെ തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതമായ താമസവും ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം മേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിരുന്നെങ്കിലും കരുതല്‍ ശേഖരമായി ആയിരം കിലോ അരിയും മുന്നൂറു കിലോ പയറും എത്തിച്ചിരുന്നു. ജില്ലാ ലേബര്‍ ഓഫീസറും തഹസില്‍ദാറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും ഇവര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.

ഈ ഘട്ടത്തിലൊന്നും ഭക്ഷണ ദൗര്‍ലഭ്യത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നില്ല. പ്രതിഷേധം നടത്തിയ തൊഴിലാളികളോട് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും നേരിട്ട് സംസാരിച്ചപ്പോഴും നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. സുരക്ഷിതരായി ഇവിടെ തുടരുന്നതിന് സാധ്യമായതെല്ലാം ചെയ്തു നല്‍കാമെന്ന് തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്.

പാകം ചെയ്ത ഭക്ഷണത്തേക്കാള്‍ സ്വന്തം ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സാധനങ്ങളാണ് തൊഴിലാളികള്‍ക്കു വേണ്ടത്. മേഖലയിലെ എല്ലാ  തൊഴിലാളികളെയും നേരില്‍ കാണുന്നതിന് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന വിവരങ്ങള്‍കൂടി പരിഗണിച്ച് തൊഴിലാളികള്‍ക്കു വേണ്ട അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും-മന്ത്രി പറഞ്ഞു.

പായിപ്പാട്ട് സന്ദര്‍ശനം നടത്തിയ മന്ത്രി ചങ്ങനാശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു,പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, കോട്ടയം ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.പി. സൈമണ്‍, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, ഡി.സി.സി പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ജോഷി ഫിലിപ്പ്, എന്‍.സി.പി. ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷന്‍, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ്‌കുമാര്‍, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്,  തഹസില്‍ദാര്‍ ജിനു പുന്നൂസ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.