പെന്‍ഷന്‍ വിതരണം തുടരുന്നു അശരണരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ പൊന്‍തിളക്കം

post

തൃശൂര്‍ : എത്ര ദിവസമായി ഇങ്ങനെ വീട്ടിന് പുറത്തിറങ്ങാതെ കഴിയുന്നു. റേഷനരി വീട്ടിലുണ്ട്. പലവ്യജ്ഞനങ്ങളും മരുന്നും മറ്റ് പല ആവശ്യങ്ങളും മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ ഈ പണം കിട്ടയത് ആശ്വാസമായി. സന്തോഷം എന്നല്ലാതെ എന്താ പറയാ തൃശൂര്‍ കാനാട്ട്കര തുരത്തുമ്മല്‍ വീട്ടില്‍ അമ്മിണിയ്ക്ക് സന്തോഷം കൊണ്ട് വാക്കുകള്‍ മുറിഞ്ഞു. അമ്മിണിയുടെ മാത്രം കഥയില്ലത്, തൊട്ടപ്പുറത്തെ തങ്കമാളും, കൊച്ചമ്മണിയും, ശാന്തയും, ശാരദയും എല്ലാം സന്തോഷത്തിലാണ്. നിനച്ചിരിക്കാതെ പ്രത്യേകിച്ച് കോവിഡ് 19 ലോക് ഡൗണ്‍ കാലത്ത് ആശ്വാസമായി പെന്‍ഷന്‍തുക ലഭിച്ചതില്‍. ലോകത്തെ കാര്‍ന്ന് തിന്നുന്ന കോവിഡ് 19 മഹാമാരിയുടെ പ്രതിരോധ നടപടികളും ലോക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിതരണം ജില്ലയില്‍ സജീവമായി തുടരുകയാണ്. വിവിധ സഹകരണ ബാങ്കുകളിലെ കളക്ഷന്‍ ഏജന്റുമാര്‍ വീടുകളില്‍ നേരിട്ടെത്തിയാണ് പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌ക്കും സാനിറ്റൈസറുമുള്‍പ്പെടെയുളള സുരക്ഷാക്രമീകരണങ്ങളോടെയാണ് കളക്ഷന്‍ ഏജന്റുമാര്‍ വീടികളിലെത്തിക്കുന്നത്. തുക നല്‍കേണ്ടവരുടെ കൈകള്‍ സാനിറ്റൈസ് ചെയ്ത ശേഷമാണ് തുക നല്‍കുകയും ഒപ്പീടിക്കുകയും രസീതി കെമാറുകയും ചെയ്യുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വരുമാനമില്ലാതെ വീട്ടിലിരിക്കുന്നവര്‍ക്ക് ഏറെ ആശ്വാസമാവുകയാണ് പെന്‍ഷന്‍ തുക വിതരണം. ആദ്യഘട്ടത്തില്‍ ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷന്‍ തുകയാണ് നല്‍കുന്നത്. ജില്ലയില്‍ 981 ഏജന്റുമാര്‍ വഴി 22200 ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ വിതരണം. 52 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, അവിവാഹിതരായ അമ്മമാരുടെ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നീ ക്ഷേമപെന്‍ഷനുകളാണ് വിതരണം ചെയ്ത് തുടങ്ങിയത്.