ചെല്ലാനം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ആറുമാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും

post

എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യമേഖല അടിമുടി മാറുകയാണ്. പരിമിതികള്‍ നിറഞ്ഞ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതുള്‍പ്പെടെ 60 ലക്ഷം രൂപയുടെ ഭാവി പദ്ധതികളാണ് തീരദേശ ഗ്രാമമായ ചെല്ലാനം കാത്തിരിക്കുന്നത്.

പഴയ ആരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ചെല്ലാനം മാളികപറമ്പിലെ 2.5 ഏക്കര്‍ സ്ഥലത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആറുമാസത്തിനുള്ളിൽ പൂർത്തിയാകും. പഞ്ചായത്തിൽ നിന്നും എസ്റ്റിമേറ്റ് ലഭിക്കുന്നതിനനുസരിച്ച് ഫണ്ട്‌ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് കെ.ജെ മാക്സി എം.എൽ.എ അറിയിച്ചു.

ചെല്ലാനം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിനായി 25 ലക്ഷം രൂപയും ആയുര്‍വേദ ആശുപത്രിക്കായി 35 ലക്ഷം രൂപയുമാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കുന്നത്. കൊച്ചി നിയോജകമണ്ഡലത്തിൽ നടന്ന തീര സദസ്സിലെ തീരുമാനത്തെ തുടർന്നാണ് ചെല്ലാനത്ത് പുതിയ കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാകുന്നത്.

ടൗട്ട ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്നാണ് സൗത്ത് ചെല്ലാനം കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമായത്. നിലവില്‍ പഞ്ചായത്ത് വക താത്കാലിക കെട്ടിടത്തിലാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.