ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്; 13 പേർക്ക് മുച്ചക്രവാഹനങ്ങൾ കൈമാറി

post

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്ത് എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്. 2022-23 സാമ്പത്തിക വർഷ പദ്ധതിയിൽപ്പെടുത്തി 13 ഭിന്നശേഷിക്കാർക്കാണ് മുച്ചക്ര വാഹനങ്ങൾ നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം റോജി.എം.ജോൺ എം.എൽ.എ നിർവഹിച്ചു. 14,33,308 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, തുറവൂർ, അയ്യംമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലെ തെരെഞ്ഞെടുക്കപ്പെട്ട ഭിന്നശേഷി ഗുണഭോക്താക്കൾക്കാണ് വാഹനം കൈമാറിയത്. 2021-22 ൽ 12 ലക്ഷം രൂപ ചെലവിൽ ഒമ്പത് പേർക്ക് ഇലക്ട്രോണിക്ക് വീൽ ചെയർ നൽകിയിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അങ്കമാലി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വാഹന നിയമങ്ങളെക്കുറിച്ച് ഗുണഭോക്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.