'റീ സൈക്കിൾ' പദ്ധതി: 103 സൈക്കിളുകൾ വിതരണം ചെയ്തു

post

'റീ സൈക്കിൾ' പദ്ധതിയുടെ ഭാഗമായി കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ സൈക്കിൾ ചലഞ്ചിലൂടെ ശേഖരിച്ച് കേടുപാടുകൾ തീർത്ത 103 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. 'റീ സൈക്കിൾ' പദ്ധതി കേരളം ഏറ്റെടുക്കേണ്ട മാതൃകയാണെന്ന് സ്പീക്കർ പറഞ്ഞു.

ഉപയോഗശൂന്യമായ സൈക്കിളുകൾ അറ്റകുറ്റപ്പണി ചെയ്‌ത്‌ ഉപയോഗയോഗ്യമാക്കുന്നതിലൂടെ മാതൃകാ പ്രവത്തനമാണ് എസ്.പി.സി നടത്തുന്നത്. ഈ പദ്ധതി മറ്റ് വിദ്യാലയങ്ങൾ ഏറ്റെടുക്കണം. വിദ്യാർഥികളുടെ വ്യക്തിത്വ വികാസത്തിൽ എസ്.പി.സി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉപയോഗിച്ച് വലിച്ചെറിയുക എന്ന സംസ്കാരം മാറണം. വലിച്ചെറിയൽ മുക്ത കേരളം എന്നതാണ് സർക്കാർ ലക്ഷ്യം. ശുചിത്വ മാലിന്യ സംസ്കരണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കണമെന്നും പൊതുശുചിത്വത്തിന് പ്രാമുഖ്യം നൽകാൻ ബോധപൂർവം ശ്രമിക്കണമെന്നും സ്പീക്കർ പറഞ്ഞു.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.ഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനായി. വിദ്യാർഥികളുടെ പൊതു ഉപയോഗത്തിനായി സ്‌കൂളിൽ സൂക്ഷിക്കുന്ന സൈക്കിളുകൾക്കായി ഒരുക്കിയ സൈക്കിൾ കോർണർ നഗരസഭ വൈസ് ചെയർപേഴ്സൺ പി.വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. സൈക്കിൾ റിപ്പയറിംഗിന് വിദ്യാർഥികളെ പ്രാപ്തരാക്കിയ പ്രേമരാജന് എസ്.പി.സി കണ്ണൂർ റൂറൽ ജില്ല നോഡൽ ഓഫീസർ വി. രമേശൻ ഉപഹാരം നൽകി.