ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം വൃക്ഷത്തൈ നട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

post

കാസർഗോഡ് ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍ വൃക്ഷത്തൈ നട്ട് കേരള തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഉത്സവാന്തരീക്ഷത്തിലാണ് ഈ വര്‍ഷത്തെ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവത്തിന് തുടക്കമായത്. പുതുതായി വിദ്യാലയത്തിലേക്കെത്തിയ കുട്ടികളെ അക്ഷര തൊപ്പികള്‍ അണിയിച്ചും, അക്ഷര കാര്‍ഡുകള്‍ നല്‍കിയുമാണ് വിദ്യാലയത്തിലേക്ക് എതിരേറ്റത്. പുതുതായി സ്‌കൂളിലെത്തിയ 57 വിദ്യാര്‍ഥികള്‍ അവരുടെ പേരുകള്‍ നല്‍കിയ വൃക്ഷത്തൈകള്‍ സ്‌കൂള്‍ അങ്കണത്തില്‍ നട്ടു. പ്രകൃതി സംരക്ഷണത്തിന്റെയും പ്രവേശനോത്സവത്തിന്റെയും ഭാഗമായി ജില്ലാ പഞ്ചായത്ത് ഒരുക്കിയ പദ്ധതിയാണ് 'പഠിച്ചു തുടങ്ങാം വൃക്ഷത്തൈ നട്ട്'. ജില്ലയില്‍ ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി ഒരുക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെ വിവിധ സ്‌കൂളുകളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ഥികള്‍ വൃക്ഷത്തൈ നടും. ജൂണ്‍അഞ്ചിന് ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പദ്ധതിക്ക് സമാപനമാവും.

ഉദ്ഘാടനചടങ്ങുകള്‍ക്ക് മുൻപ് വേദിയില്‍ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരം വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തു. കുട്ടികള്‍ ഫല വൃക്ഷതൈകള്‍ നല്‍കി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ചടങ്ങില്‍ സമഗ്ര ശിക്ഷാ കേരളം നൂതന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ജില്ലാതല ഇന്നോവേറ്റീവ് അവാര്‍ഡ് സ്വീകരണം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് 1997-98 എസ്.എസ്.എല്‍.സി ബാച്ച് ഉപഹാരം വിതരണം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ പുതിയതായി വിദ്യാലയത്തിലെത്തിയ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.


സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, സിനിമ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ഗീത, പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.മണികണ്ഠന്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി.സുരേന്ദ്രന്‍, ജില്ല ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.രഘുറാം ഭട്ട്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.എസ്.ബാബുരാജ്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ശങ്കരന്‍, വികസന സമിതി ചെയര്‍മാന്‍ വി.വി.കുമാരന്‍, പ്രധാന അധ്യാപകന്‍ കെ.പി.ഷൗക്കമാന്‍ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പള്ളം, എസ്.എം.സി ചെയര്‍മാന്‍ അബ്ദുള്ള മൗവ്വല്‍, എം.പി.ടി.എ പ്രസിഡന്റ് ഖദീജ മുനീര്‍, സീനിയര്‍ അസിസ്റ്റന്റ് പ്രഭാവതി പെരുമ്പന്തട്ട, സ്റ്റാഫ് സെക്രട്ടറി മനോജ് പിലിക്കോട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.