കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്തു

post

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും രാഷ്ട്രീയ കക്ഷിഭേദമന്യേ വികസനം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യമാണ് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലൂടെ യാഥാർഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിമാരുടെ നേതൃത്വത്തില്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ മേഖലകളിലും മികച്ച നിലവാരം പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. കോവിഡും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും, സംസ്ഥാനത്തിന് അവകാശപ്പെട്ട ആനുകൂല്യം പോലും ലഭിക്കാത്ത ദുരവസ്ഥ തുടങ്ങിയ പ്രതിബന്ധങ്ങളെ വകഞ്ഞ് മാറ്റി കൊണ്ടാണ് ഈ വികസന മുന്നേറ്റങ്ങളൊക്കെയും പൊതുജന പിന്തുണയോടെ യാഥാര്‍ത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.

മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു കൊണ്ടായിരുന്നു കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിന് തുടക്കം കുറിച്ചത്. താലൂക്കിലെ ഏഴ് പേര്‍ക്ക് മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ കൈമാറി.

വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ, എ.ഡി.എം കെ.നവീന്‍ ബാബു, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രേഖ, വാര്‍ഡ് അംഗം കെ.ആര്‍.ബിനു, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.