കാസർകോഡ് ജില്ലയിലെ ചൊട്ട പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

post

കാസർകോഡ് ജില്ലയിലെ ചൊട്ട പാലത്തിന്റെ നിർമ്മാണ പ്രവൃത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വളരെ സന്തോഷത്തോടുകൂടിയാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും ഉദുമ മണ്ഡലത്തിൽ രണ്ട് പ്രധാന പൊതുമരാമത്ത് പ്രവർത്തികളാണ് ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പയസ്വിനിപ്പുഴയ്ക്ക് കുറുകെ തന്നെയുള്ള രണ്ടു പാലങ്ങളുടെ നിർമ്മാണ പ്രവർത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

കുണ്ടംകുഴി ഇരിയണ്ണി റോഡിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്തിനെയും മൂളിയാർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് പയസ്വിനി പുഴയ്ക്ക് കുറുകെ 15 കോടി രൂപ ചിലവിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പദ്ധതിയാണ് ചൊട്ടപാലം. 129.700 മീറ്റർ ആണ് പാലത്തിന്റെ നീളം. 7.5 മീറ്റർ വീതിയോട് കൂടിയ ഗ്യാരേജുവേയും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ഉൾപ്പെടെ പാലത്തിന് 11 മീറ്റർ വീതിയുണ്ട്. കുണ്ടംകുഴി ഭാഗത്ത് 1032 മീറ്റർ അപ്പ്രോച്ച് റോഡ്, മുളിയാർ പഞ്ചായത്തിലെ ഇരിയെണ്ണി ഭാഗത്ത് 863 മീറ്റർ അപ്പ്രോച്ച് റോഡ് എന്നിവ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആവശ്യമായ ഭാഗങ്ങളിൽ പാർശ്വഭിത്തിയും മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രൈനേജുകളും നിർമ്മിക്കാനുള്ള തുക കൂടി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മുളിയാർ ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചൊട്ടപ്പാലം ഒന്നരവർഷംകൊണ്ട് യാഥാർത്ഥ്യമാകും. പൊതുമരാമത്ത് ടൂറിസം പ്രവർത്തികൾ സംബന്ധിച്ച് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഉദുമ എം.എൽ.എ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മണ്ഡലത്തിനൊപ്പം എന്നും വകുപ്പും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷനായി.