ആദ്യ സംരഭക വർഷം വൻ ഹിറ്റായി; ആലപ്പുഴ ജില്ലയിൽ സംരംഭക വർഷം 2.0യ്ക്ക് തുടക്കമായി

post

*ആദ്യ വർഷം തുടങ്ങിയത് 9953 പുതിയ സംരംഭങ്ങൾ

*527.57 കോടി രൂപയുടെ നിക്ഷേപം

*21,213 പേർക്ക് തൊഴിലവസരം നൽകി

*സംരഭങ്ങൾ തുടങ്ങിയവരിൽ 43% വനിതകൾ

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളെയും ഏജൻസികളെയും ഏകോപിച്ചു കൊണ്ട് 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കിയ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ തുടർച്ചയായ സംരംഭക വർഷം 2.0 യ്ക്ക് ആലപ്പുഴ ജില്ലാതലത്തിൽ തുടക്കമായി. വ്യവസായ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഏകോപനവും മറ്റ് വകുപ്പുകളുടെയും ഏജൻസികളുടെയും ബാങ്കുകളുടെയും സഹകരണവും ഉറപ്പാക്കി ജില്ലയിൽ നടപ്പിലാക്കിയ സംരംഭകവർഷം 2022-23 പദ്ധതി വൻ വിജയമായിരുന്നു. 9666 സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട പ്രസ്തുത പദ്ധതി പൂർത്തീകരിച്ചപ്പോൾ 9953പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനും അതുവഴി 527.57 കോടി രൂപയുടെ നിക്ഷേപവും 21213 പേർക്ക് തൊഴിലവസരം നൽകുവാനും സാധിച്ചു. സംസ്ഥാനതലത്തിൽ 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി മാറിയ ആലപ്പുഴയിൽ നാല് താലൂക്കുകളിലും ആറ് നിയമസഭ മണ്ഡലങ്ങളിലും ആറ് മുനിസിപ്പാലിറ്റികളിലും ഒമ്പത് ബ്ലോക്കുകളിലും 60 പഞ്ചായത്തുകളിലും 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിക്കാനായി . പുതുതായി സംരംഭം ആരംഭിച്ചവരിൽ 43 ശതമാനം വനിതകളാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. 10 ശതമാനത്തോളം സംരംഭകർ 18നും 30 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ആരംഭിച്ച സംരംഭങ്ങളിൽ 20 % ഉല്പാദന മേഖലയിലും 35% സേവന മേഖലയിലും 45 % വ്യാപാര മേഖലയിലും ആണ് .

ഇതിന്റെ തുടർച്ചയെന്നോണം നടപ്പിലാക്കുന്ന സംരഭകവർഷം 2.0 പദ്ധതി നടത്തിപ്പിനായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി ബി.ടെക്/എം.ബി.എ ബിരുധാരികളായി 86 ഇന്റേൺസിനെ നിയമിച്ചുകഴിഞ്ഞു. ഓരോ തദ്ദേശ സ്വയം ഭരണ പ്രദേശത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് പുതിയ സംരംഭങ്ങൾക്കുള്ള ആശയങ്ങൾ നൽകുക, സംരംഭകത്വത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, സംരംഭം തുടങ്ങാൻ അവരെ പ്രാപ്തരാക്കുക എന്നിങ്ങനെ സംരംഭം തുടങ്ങുന്നത് വരെയുളള ഓരോ ഘട്ടത്തിലും സഹായികളായി ഇന്റേൺസ് ഉണ്ടാകും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഹെല്പ് ഡെസ്‌കുകൾ വഴി ഇന്റേൺസ് സംരംഭകർക്ക് കൈത്താങ് സഹായം നല്കുന്നതാണ് . 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതി നടപ്പിലാക്കിയ മാതൃകയിൽ തന്നെ തദ്ദേശ സ്വയംഭരണസ്ഥാപനതല മോണിറ്ററിങ് കമ്മിറ്റി മീറ്റിങ്ങുകൾ, സംരംഭകരാകാൻ താൽപ്പര്യമുള്ളവർക്ക് പഞ്ചായത്ത്- മുനിസിപ്പാലിറ്റി തലത്തിൽ പൊതു ബോധവൽക്കരണ ശിൽപ്പശാലകൾ, ലോൺ, ലൈസൻസ് സബ്‌സിഡി മേളകൾ, പഞ്ചായത്തടിസ്ഥാനത്തിൽ വിപണന മേളകൾ, സംരംഭക സംഗമങ്ങൾ എന്നിവയെല്ലാം തന്നെ സംരംഭകവർഷം 2.0 യുടെ ഭാഗമായി നടത്തും. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങളുടെ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതിനായി പ്രസ്തുത സംരംഭങ്ങളിലെല്ലാം തന്നെ ഇന്റേൺസ് സന്ദർശനം നടത്തി അതുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനും വിവരശേഖരണത്തിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

സംരംഭക വർഷം 2022-23 പദ്ധതി ആലപ്പുഴ ജില്ലയുടെ വികസന ചരിത്രത്തിൽ നാഴികക്കല്ലായതുപോലെ സംരംഭക വർഷം 2.0 യിലും എല്ലാ വകുപ്പകളുടെയും ഏജൻസികളുടെയും ബാങ്കുകളുടെയും ഏകോപനം ഉണ്ടാകണമെന്നും സംരംഭകർ സർവ്വേ പ്രവർത്തനങ്ങളിലുൾപ്പെടെ സഹകരിച്ച് ഈ പദ്ധതി പൂർണമായും പ്രയോജനപ്പെടുത്തണമെന്നും ഇതിനോടനുബന്ധിച്ച് കൂടിയ ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ കമ്മിറ്റി അദ്ധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഹരിത വി കുമാർ പറഞ്ഞു. നിലവിലുള്ള സംരംഭകസഹായ പദ്ധതികളെ കൂടാതെ സംരംഭകവർഷം 2.0 യിൽ സംരംഭങ്ങളുടെ സ്ഥിരത ഉറപ്പ് വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും, വിപണി ഉറപ്പാക്കൽ, സംരംഭങ്ങളുടെ സ്‌കെയിൽ അപ്പ് എന്നിവയ്ക്കായി കേരള ബ്രാൻഡ്, എം.എസ്.എം.ഇ ഇൻഷുറൻസ്, മിഷൻ -1000, തദ്ദേശ സ്ഥാപനതല വിപണന മേളകൾ തുടങ്ങിയ നിരവധി പദ്ധതികൾ ഈ സാമ്പത്തിക വർഷം വ്യവസായ വാണിജ്യ വകുപ്പ് വഴി നടപ്പിലാക്കുമെന്ന് ജില്ലാതല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് ശിവകുമാർ പറഞ്ഞു.