ബോട്ടുകളിലെ സുരക്ഷ: പരിശോധന കമ്മിറ്റി രൂപീകരിച്ച് കോഴിക്കോട് ജില്ലാഭരണകൂടം

post

കോഴിക്കോട് ജില്ലയിലെ എല്ലാവിധ യാത്ര, ഉല്ലാസ ബോട്ടുകളിലും വള്ളങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിശോധന കമ്മിറ്റി രൂപീകരിച്ച് ജില്ലാ ഭരണകൂടം. യന്ത്രവൽകൃതമല്ലാത്തവ ഉൾപ്പെടെയുള്ള ഉല്ലാസ ബോട്ടുകളും യാത്രാ ബോട്ടുകളും ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ പ്രദേശങ്ങളിലും പ്രാദേശിക പരിശോധന സ്ക്വാഡുകളും ജില്ലാതലത്തിൽ ജില്ലാ സ്ക്വാഡുകളും രൂപീകരിക്കും.

പോർട്ടിന്റെ പരിധിയിൽ കടലിൽ ഓപ്പറേറ്റ് ചെയ്യുന്ന ബോട്ടുകളും വള്ളങ്ങളും ജില്ലാ സ്ക്വാഡിന്റെ അധീനതയിൽ ആയിരിക്കും പ്രവർത്തിക്കുക. മറ്റു ഉൾനാടൻ ജലാശയങ്ങളിൽ ഓപ്പറേറ്റ് ചെയ്യുന്നവ പ്രാദേശിക സ്ക്വാഡുകളുടെ നിരീക്ഷണത്തിലും പ്രവർത്തിക്കണം.

പോർട്ട് ഓഫീസർ, കോർപ്പറേഷൻ/മുനിസിപ്പാലിറ്റി സെക്രട്ടറി, ജില്ലാ പോലീസ് മേധാവി അല്ലെങ്കിൽ ജില്ലാ പോലീസ് മേധാവി നിയോഗിക്കുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ പദവിയിൽ കുറയാത്ത ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, തഹസിൽദാർ, ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരാണ് ജില്ലാ സ്ക്വാഡിലെ ഉദ്യോഗസ്ഥർ. പോർട്ട് കൺസർവേറ്റർ, ബോട്ടുകൾ/വള്ളങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന പഞ്ചായത്തിന്റെ സെക്രട്ടറി, ഫയർ ഓഫീസർ, സ്ഥലം പോലീസ്, വില്ലേജ് ഓഫീസർ എന്നിവർ അടങ്ങുന്നതാണ് പ്രാദേശിക സ്ക്വാഡുകൾ.

മെയ് 30നകം സ്ക്വാഡുകൾ രൂപീകരിച്ച് ആദ്യ പരിശോധനയുടെ റിപ്പോർട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിനാണ് ഇതിന്റെ ഉത്തരവാദിത്തം. നിയമാനുസൃതമായ ലൈസൻസുകൾ എല്ലാ ബോട്ടുകൾക്കും ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സ്ക്വാഡുകളുടെ പ്രധാന ചുമതല.

എല്ലാ ബോട്ടുകളിലും നിയമപരമായി പരമാവധി യാത്ര ചെയ്യാൻ ആകുന്നവരുടെ എണ്ണം, ബോട്ടുടമയുടെ വിവരങ്ങൾ, അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ഫോൺ നമ്പറുകൾ എന്നിവയുണ്ടെന്ന് സ്ക്വാഡുകൾ ഉറപ്പുവരുത്തണം. എല്ലാ ബോട്ടുകളിലും ജീവൻ രക്ഷാസംവിധാനങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാർ, അഗ്നിശമന സംവിധാനം എന്നിവ ഉണ്ടെന്നും ബോട്ടിനും ബോട്ട് ജെട്ടിക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരം ഉണ്ടെന്നും ഉറപ്പുവരുത്തണം.

സ്ക്വാഡുകളുടെ പരിശോധനയിൽ തീർത്തും അപകടകരമായി കാണുന്ന ബോട്ടുകളുടെ പ്രവർത്തനം നിർത്തിവക്കും. മാസത്തിൽ ഒരു തവണയെങ്കിലും പരിശോധന നടത്തുകയും റിപ്പോർട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണെന്നും ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.