കടൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തീരദേശസേന

post

കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ തീരദേശസേന അഴീക്കോട് സജ്ജമായി. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ചവരാണ് തീരദേശ സേനയിൽ ഉള്ളത്. രക്ഷാപ്രവർത്തനത്തിൽ വൻപരിചയമുള്ളതും കായികക്ഷമതയുള്ളതുമായ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട വ്യക്തികളെ ഉൾക്കൊളളിച്ചുകൊണ്ട് രക്ഷാ പ്രവർത്തനങ്ങൾക്ക് ഒരു സ്ഥിരസംവിധാനം ഒരുക്കുന്നതിനുള്ള കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയാണ് തീരദേശസേന.


കണ്ണൂർ, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ 4 മത്സ്യഭവൻ കേന്ദ്രീകരിച്ച് 4 ഗ്രൂപ്പുകളെ ആണ് ഇതിനായി സജ്ജരാക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 5 പേർ വീതമുളള ഓരോ ഗ്രൂപ്പുകൾക്കും ഒരു തോണിയും, എഞ്ചിനും ജി.പി.എസ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും പദ്ധതി വഴി നൽകും. രക്ഷാപ്രവർത്തനം ഇല്ലാത്ത സമയങ്ങളിൽ യാനം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നതിലൂടെ 20 പേർക്ക് ജീപനോപാധി ഒരുക്കുകയെന്ന ലക്ഷ്യം കൂടി പദ്ധതിയിലൂടെ സാധ്യമാകും. പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അഴീക്കോട് നീർക്കടവ് ബീച്ചിൽ നിർവഹിച്ചു.