ഇഴപിരിയാത്ത ഗുണമേന്മയുടെ ഉറപ്പുമായി കയര്‍ വികസന വകുപ്പ്

post

കേരളത്തിന്റെ പരമ്പരാഗത വുവസായത്തിന്റെ ഗുണമേന്മയും ചരിത്രവും പറഞ്ഞ് എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കയര്‍വകുപ്പ് സ്റ്റാള്‍. കയര്‍ വ്യവസായം വളര്‍ന്ന് വന്ന വഴികള്‍ മുതല്‍ കയര്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ വരെ സ്റ്റാളിലൂടെ കണ്ടും കേട്ടും അറിയാം.

ചകിരിയില്‍ നിന്നും കയറിലേക്കുള്ള മാറ്റത്തിന്റെ കഥ ഡിസ്‌പ്ലേകളിലൂടെ വിവരിക്കുന്നു. തേങ്ങയില്‍ നിന്ന് തൊണ്ടെടുത്തു അഴുകാനിട്ട്, തൊണ്ട് തല്ലി നാരാക്കി, ഉണക്കിയെടുത്ത്, ഇഴപിരിച്ചു കയര്‍ ആയി മാറുന്ന കഥ കേരളത്തിന്റെ സംസ്‌ക്കാരവും ചരിത്രവുമായി കൂടി ഇഴ ചേര്‍ന്നതാണെന്ന് ഇവിടം പറഞ്ഞു തരുന്നു. കയര്‍ നിര്‍മിക്കാന്‍ പിന്നീട് എത്തിയ പരമ്പരാഗത റാട്ടും ആധുനിക ഇലക്ട്രോണിക് റാട്ടും സ്റ്റോളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

വിവിധ കയര്‍ ഇനങ്ങളായ കണിയാപുരം, പരവൂര്‍ സ്‌പെഷ്യല്‍, അഞ്ചുതെങ്ങ്, വൈക്കം, മങ്ങാട് എന്നിവയും അവയുടെ പ്രത്യേകതകളും സ്റ്റാളില്‍ കാണാം. ഓരോ കയറും പ്രദേശത്തിന്റെ പ്രകൃതിയുമായി കൂടി ചേര്‍ന്നിരിക്കുന്നു.

ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും കനമുള്ളതും ഏറെ കാലം നിലനില്‍ക്കുന്നതുമായ പ്രകൃതിദത്തമായ നാരുകള്‍ ചകിരിയാണ്. അത് കൊണ്ട് തന്നെ കയര്‍ ഭൂവസ്ത്രത്തിന് ആവശ്യകത ഏറി വരികയാണ്. പാരിസ്ഥിതിക ദോഷങ്ങള്‍ ഒന്നുമില്ലാത്ത, തീര്‍ത്തും ജൈവികമായ കയര്‍ഭൂവസ്ത്രം ഉപയോഗിച്ചു മണ്ണും തടാകങ്ങളും എങ്ങനെ സംരക്ഷിക്കണമെന്ന് കയര്‍ സ്റ്റോളിലൂടെ മനസിലാക്കാം.

ചകിരിനാര്, ചകിരിച്ചോര്‍ എന്നിവയുപയോഗിച്ചു നിര്‍മിക്കാവുന്ന അനേകം ഉത്പ്പന്നങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍, കരകൗശല സാമഗ്രികള്‍ എന്നിവയും സ്റ്റാളില്‍ ലഭ്യമാണ്. കയര്‍ തൊഴിലാളികള്‍ക്കായി കയര്‍വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന വിവിധ പദ്ധതികളും സ്റ്റോളിലൂടെ അറിയാം.