കൗതുകം നിറച്ച് ഹാം റേഡിയോ സ്റ്റാള്‍

post

സ്വന്തമായി ഹോബി ഇല്ലാത്ത മനുഷ്യര്‍ ചുരുക്കമാണ്. എന്നാല്‍ ലോകം മുഴുവന്‍ ബന്ധം സ്ഥാപിക്കാന്‍ കഴിയുന്ന ഒരു ഹോബിയുണ്ട് അതും ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ളത്. ഈ ഹോബിക്ക് ലൈസന്‍സും ആവശ്യമാണ്.

പറഞ്ഞുവരുന്നത് ഹാം റേഡിയോയെക്കുറിച്ചാണ്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എത്തുന്നവര്‍ക്ക് ഹാം റേഡിയോ പരിചിതമാക്കി നല്‍കാന്‍ ആക്റ്റീവ് അമെച്വര്‍ ഹാം റേഡിയോ സൊസൈറ്റി ഒരുക്കിയിരിക്കുന്ന സ്റ്റാളാണ് വേറിട്ട് നില്‍ക്കുന്നത്.

ഒരു ഹാം റേഡിയോ സെറ്റ് ഉപയോഗിച്ച് ലോകത്തെവിടെയുമുള്ള ഹാം റേഡിയോ ഉപഭോക്താകളുമായും ആശയവിനിമയം നടത്താമെന്നതാണ് സവിശേഷത. ഒരു വിനോദം എന്നതിനുപരി കേരളത്തിലെ പ്രളയക്കാലത്ത് മറ്റ് വാര്‍ത്താ വിനിമയോപാദികള്‍ തകരാറിലായ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായത് ഹാം റേഡിയോ ആയിരുന്നു.

തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് നാശം വിതച്ചപ്പോഴും ഇവയുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ഈ സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസ്സിലാക്കി സംസ്ഥാന സര്‍ക്കാര്‍ ഹാം റേഡിയോ ഓപ്പറേറ്റര്‍മ്മാരെ സിവില്‍ ഡിഫന്‍സ് സേനയുടെ ഭാഗമാക്കി. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയനാണ് രാജീവ്യാപകമായി ഹോം റേഡിയോ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

12 വയസ്സു കഴിഞ്ഞ ആര്‍ക്ക് വേണമെങ്കിലും ഹാം റേഡിയോ ഓപ്പറേറ്ററാകാം. ഇതിനായി ഒരു പരീക്ഷ പാസാക്കേണ്ടതുണ്ട്.

ഹാം റേഡിയോ മേഖലയില്‍ പരിശീലനത്തിനും ലൈസന്‍സിനുമുള്ള സൗകര്യങ്ങള്‍ തികച്ചും സൗജന്യമായി ആക്ടീവ് അമെച്വര്‍ ഹാം റേഡിയോ സൊസൈറ്റി അംഗങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മേളയില്‍ സജ്ജീകരിച്ച ഹാം റേഡിയോ സ്റ്റാള്‍ സന്ദര്‍ശിക്കാം.