കീം എന്‍ട്രന്‍സ് പരീക്ഷ മെയ് 17ന്: ആലപ്പുഴ ജില്ലയില്‍ എഴുതുന്നത് 11,980 പേര്‍

post

സംസ്ഥാന എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയായ കീം മെയ് 17ന് നടക്കും. ആലപ്പുഴ ജില്ലയിലെ 21 പരീക്ഷാകേന്ദ്രങ്ങളിലായി 11,980 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന് പരീക്ഷയും 2.30 മുതല്‍ 5 വരെ പേപ്പര്‍ രണ്ട് പരീക്ഷയും നടക്കും. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി എ.ഡി.എം എസ്.സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് നിര്‍ദ്ദശങ്ങള്‍ നല്‍കിയിട്ടുണ്ട്.

പരീക്ഷ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാനും ട്രാഫിക് ബ്ലോക്ക് രൂപപ്പെടാതെ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് പരീക്ഷയ്ക്ക് എത്താന്‍ വേണ്ട ക്രമീകരണം ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര വൈദ്യസഹായത്തിനായി ആംബുലന്‍സുകള്‍ക്കും ആശുപത്രികള്‍ക്കും അലര്‍ട്ട് നല്‍കും. പരീക്ഷാസമയത്തിന് അനുസരിച്ച് ബോട്ടുകളുടെ സമയം ക്രമീകരിക്കാനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.