18 വയസിനു മുകളിലുള്ളവർ ആധാർ പുതുക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ

post

ആലപ്പുഴ ജില്ലയിൽ ആധാർ പുതുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ നടന്ന 'ഡിസ്ട്രിക്ട് ലെവൽ ആധാർ മോണിറ്ററിങ് കമ്മിറ്റി' യോഗത്തിൽ തീരുമാനമായി. 18 വയസിനു മുകളിലുള്ള എല്ലാവരും എത്രയും പെട്ടെന്ന് ആധാർ പുതുക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ആഗസ്റ്റ് മാസത്തോടെ 18 വയസിന് മുകളിലുള്ളവരുടെ ആധാർ പുതുക്കൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നടപടികൾ പുരോഗമിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ആധാർ പുതുക്കൽ സേവനം ആരംഭിച്ചിട്ടുണ്ട്.

ഇലക്ഷൻ ഐ.ഡി കാർഡ്, റേഷൻ കാർഡ് (ഉടമസ്ഥൻ മാത്രം), ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, സർവീസ്/ പെൻഷൻ ഫോട്ടോ ഐ.ഡി കാർഡ്, പാസ്പോർട്ട്, ഭിന്നശേഷി ഐ.ഡി കാർഡ്, ട്രാൻസ്ജെൻഡർ ഐ.ഡി കാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും പേര് തെളിയിക്കുന്ന രേഖയും പാസ്പോർട്ട്, ഇലക്ഷൻ ഐ.ഡി കാർഡ്, റേഷൻ കാർഡ്, കിസാൻ ഫോട്ടോ പാസ് ബുക്ക്, ഭിന്നശേഷി ഐ.ഡി കാർഡ്, സർവീസ് ഫോട്ടോ ഐ.ഡി കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്‌, ട്രാൻസ്ജെൻഡർ ഐഡി കാർഡ്, ഇലക്ട്രിസിറ്റി/ ഗ്യാസ് കണക്ഷൻ/ വാട്ടർ/ ടെലിഫോൺ/ കെട്ടിട നികുതി ബില്ലുകൾ, രജിസ്ട്രേഡ് സെയിൽ എഗ്രിമെന്റ് തുടങ്ങിയ വിലാസം തെളിയിക്കുന്ന രേഖയും സഹിതം ആധാർ സേവന കേന്ദ്രത്തിലെത്തി ആധാർ പുതുക്കാവുന്നതാണ്.

അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ ഇനിയും എടുക്കാത്തവർ എത്രയും പെട്ടെന്ന് തന്നെ ആധാർ എടുക്കേണ്ടതും, അഞ്ചുമുതൽ ഏഴു വയസ്സ് വരെയുള്ള കുട്ടികളുടെയും, 15നും 17നും ഇടയിൽ പ്രായമുള്ളവരുടെയും ബയോമെട്രിക് രേഖകളും പുതുക്കേണ്ടതുമാണ്. ഫോൺ നമ്പറുമായി ആധാർ കാർഡ് ബന്ധിപ്പിക്കാത്തവർ ബന്ധിപ്പിക്കേണ്ടതുമാണ്.