വനിതാ മുന്നേറ്റത്തിന്റെ നാള്‍വഴിയുമായി 'വിമോചനത്തിന്റെ പാട്ടുകാര്‍'

post

ഡോക്യുഫിക്ഷന്‍ ആദ്യപ്രദര്‍ശനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിലെ വനിതകളുടെ മുന്നേറ്റത്തിന്റെ നാള്‍വഴികള്‍ വ്യക്തമാകുന്ന ഡോക്യുഫിക്ഷന്‍ 'വിമോചനത്തിന്റെ പാട്ടുകാര്‍' ആദ്യ പ്രദര്‍ശനവും ഉദ്ഘാടനവും 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വഴുതക്കാട് ടാഗോര്‍ തീയേറ്ററില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. 'സധൈര്യം മുന്നോട്ട്' പരിപാടിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് ഡോക്യുഫിക്ഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രശസ്ത സിനിമാ സംവിധായിക വിധു വിന്‍സന്റാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിലുണ്ടായ നേട്ടങ്ങളിലും മുന്നേറ്റങ്ങളിലും സ്ത്രീകള്‍ വഹിച്ച സജീവ സാന്നിധ്യമാണ് ഡോക്യുഫിക്ഷനിലൂടെ വ്യക്തമാക്കുന്നത്.
വൈകിട്ട് അഞ്ചു മുതല്‍ കലാശാല വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും. സാമൂഹ്യനീതി വനിതാ ശിശു വികസനവും വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്.സലീഖ, ഐ.ആന്റ് പി.ആര്‍.ഡി ഡയറക്ടര്‍ യു.വി.ജോസ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, പിന്നണി ഗായിക സയനോര, വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി. ബിന്ദു വി.സി. തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് കേരള സ്ത്രീ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ സംവാദം നടക്കും. ജെന്റര്‍ അഡൈ്വസര്‍ ഡോ.ടി.കെ ആനന്ദി മോഡറേറ്ററാകുന്ന സംവാദത്തില്‍ ഹരിത കേരള മിഷന്‍ ഉപാധ്യക്ഷ ടി.എന്‍.സീമ, സംവിധായകന്‍ ശങ്കര്‍ രാമകൃഷണന്‍, ഛായഗ്രാഹക ശ്രുതി നമ്പൂതിരി, അഭിനേത്രി ദിവ്യ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. ശേഷം സംഗീത നിശ അരങ്ങേറും.