കിഫ്ബിയിലൂടെ കാണാം വികസിത കേരളത്തെ; കിഫ്ബി പ്രദര്‍ശന മേളയ്ക്ക് 28ന് തുടക്കമാകും

post

കാസര്‍കോട്: ജനജീവിതത്തിന്റെ സമസ്ത മേഖലകളും തൊട്ടറിഞ്ഞ് ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള വികസന കാഴ്ചപ്പാട് മുന്നോട്ടു വെയ്ക്കുന്ന കിഫ്ബിയെ അറിയാന്‍ കാസര്‍കോട്ടുകാര്‍ക്ക് അവസരമൊരുങ്ങുന്നു. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുരോഗമിക്കുന്നതും കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നതുമായ പദ്ധതികളുടെ വികസന പ്രദര്‍ശനത്തിനും ബോധവത്കരണ പരിപാടിക്കും ജനുവരി 28ന് തുടക്കമാകും. കാസര്‍കോട് നുള്ളിപ്പാടിയില്‍ വൈകുന്നേരം മൂന്നിന് പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം വികസന പദ്ധതികളുടെ വിവിധ ദൃശ്യരൂപങ്ങള്‍, ത്രിമാന മാതൃകകള്‍, വെര്‍ച്വല്‍ റിയാലിറ്റി, വിഡിയോകള്‍, അനിമേഷന്‍, ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലുകള്‍ എന്നിവയാല്‍ സമ്പന്നമാകും.

വിവിധ വകുപ്പുകളുടെ പദ്ധതികള്‍ക്ക് ധനലഭ്യത ഉറപ്പുവരുത്തി വികസനമുന്നേറ്റത്തിന് പുത്തന്‍ ഊര്‍ജം പകര്‍ന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) അഞ്ചുവര്‍ഷം കൊണ്ട് ലക്ഷ്യമിടുന്നത് 50,000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ്. ഇതുവരെ അനുമതി നല്‍കിയത് 45,619 കോടി രൂപയുടെ 591 പദ്ധതികള്‍ക്കാണ്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹ്യ വികസനവും ലക്ഷ്യമിടുന്ന കിഫ്ബിയുടെ കേരളനിര്‍മ്മിതി അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ അടുത്തറിയാനും  സമാനതകളില്ലാത്ത വികസനമുന്നേറ്റത്തെ കണ്ടറിയാനും പ്രദര്‍ശനത്തിലുടെ ജില്ലയിലെ പൊതുജനങ്ങള്‍ക്കും അവസരം ലഭിക്കും.