കൃഷിക്കും മൃഗ സംരക്ഷണത്തിനും പരിഗണന നല്‍കി ആനിക്കാട് വാര്‍ഷിക ബജറ്റ്

post

ഉത്പാദന മേഖലയില്‍ കൃഷിക്കും മൃഗ സംരക്ഷണത്തിനും മെച്ചപ്പെട്ട പരിഗണന നല്‍കി പത്തനംതിട്ട ആനിക്കാട് വാര്‍ഷിക ബജറ്റിന് അംഗീകാരം. 11,91,56,442 രൂപ പ്രതീക്ഷിത വരവും 11,75,39,000 രൂപ പ്രതീക്ഷിത ചെലവും 16,17,442 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ആനിക്കാട് ഗ്രാമ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് അംഗീകരിച്ചു.

നെല്‍കൃഷി, വാഴകൃഷി, തെങ്ങു കൃഷി, പച്ചക്കറി കൃഷി, കന്നുകുട്ടി പരിപാലനം, പാലിന് സബ്‌സിഡി, മുട്ടക്കോഴി വളര്‍ത്തല്‍, മത്സ്യ കൃഷി തുടങ്ങി എല്ലാ തലത്തിലും സ്പര്‍ശിച്ചു കൊണ്ട് ആകെ 52,89,600രൂപ ഉത്പാദന മേഖലയില്‍ വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയില്‍ 4,18,62,900 രൂപ വകയിരുത്തിയിട്ടുണ്ട്.ലൈഫ് ഭവന പദ്ധതിക്കായി 21 ലക്ഷവും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി രണ്ടു കോടിയും പട്ടികജാതി വിഭാഗത്തിന് 45,06,000 രൂപയുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പശ്ചാത്തല മേഖലയില്‍ വിവിധ റോഡുകള്‍ സഞ്ചാര യോഗ്യമാക്കുന്നതിനായി 1,21,04,000 രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.