മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കവിയൂര്‍ ഗ്രാമപഞ്ചായത്ത്

post

മാലിന്യ വിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തനം ശക്തമാക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ ഗ്രാമ പഞ്ചായത്ത്. ഉറവിട മാലിന്യ സംസ്‌കരണത്തിനായി ഹോം കമ്പോസ്റ്റ് യൂണിറ്റ് ജി-ബിന്‍ വിതരണം പഞ്ചായത്തില്‍ ആരംഭിച്ചു. 6.5 ലക്ഷം രൂപ വിനിയോഗിച്ച് 155 ഗുണഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നത്.

മള്‍ട്ടിലെയര്‍ മൈക്രോബിയല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന ജി-ബിന്നില്‍ മൂന്ന് ബിന്നുകളാണ് ഉള്ളത്. മാലിന്യം വിഘടിക്കുമ്പോഴുള്ള ദുര്‍ഗന്ധമോ മലിനജല പ്രശ്നങ്ങളോ ജി-ബിന്നില്‍ ഇല്ല. മാലിന്യം ഉണ്ടാകുന്നയിടത്തു വച്ച് തന്നെ സംസ്‌കരിച്ച് ജൈവവളമാക്കി ജി -ബിന്നില്‍ മാറ്റാം. ഈ വളം അടുക്കള തോട്ടത്തില്‍ ഉപയോഗിക്കാം. കവിയൂരിനെ മാലിന്യരഹിത പഞ്ചായത്ത് ആക്കുന്നത് ലക്ഷ്യമിട്ട്, ഈ പദ്ധതിയുടെ തുടര്‍ച്ചയായി മാലിന്യ സംസ്‌കരണത്തിനായി അടുത്ത വര്‍ഷവും കൂടുതല്‍ തുകയ്ക്കുള്ള പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്.