പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം പൂർത്തിയാക്കിയത് 35 പാലം പ്രവൃത്തികൾ

post

കോഴിക്കോട്: പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം 35 പാലം പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചക്കിട്ടപാറ പഞ്ചായത്തിലെ തിമിരിപ്പുഴ പാലം പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 489.49 കോടിയുടെ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്. ചെറുതും വലുതുമായി 143 പാലം പ്രവൃത്തികളാണ് സംസ്ഥാനത്തുടനീളം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. 85 പ്രവൃത്തികൾക്ക് ഭരണാനുമതിയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാലങ്ങളെ ആകർഷകമാക്കുവാൻ പ്രത്യേക പദ്ധതികളും വകുപ്പ് ആവിഷ്ക്കരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. കേരളത്തിലെ 50 പാലങ്ങളെ ദീപാലങ്കൃതമാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഡിസൈൻ പോളിസി ശിൽപശാലയിൽ ഉയർന്നുവന്ന നിർദേശങ്ങളുടെ കരട് തയ്യാറാക്കി. ഇത് സർക്കാരിന് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഡിസൈൻ പോളിസി തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പന്നിക്കോട്ടൂർ - പറമ്പൽ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കുറ്റ്യാടി പുഴയ്ക്ക് കുറുകെ ഓപ്പൺ ഫൗണ്ടേഷനോടു കൂടി കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ മൂന്ന് സ്പാനുകളിലായിട്ട് 78 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. ഇരു വശങ്ങളിലും കരിങ്കൽ പാർശ്വഭിത്തിയോട് കൂടി ബി.എം, ബി.സി ഉപരിതലമുള്ള അനുബന്ധ റോഡും നിർമ്മിക്കുന്നുണ്ട്. 8.44 കോടി രൂപയാണ് പാലം നിർമ്മിക്കുന്നതിനായി അനുവദിച്ചത്.