കാലാവസ്ഥ ഇനി സ്‌കൂളില്‍ നിന്നറിയാം

post

പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വെതര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: കാലാവസ്ഥ പ്രവചിക്കാനുള്ള സംവിധാനം ഇനി പിലിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും. ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പിലിക്കോട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇനി മുതല്‍ പ്രദേശത്തെ കാലാവസ്ഥാ, ദിനാന്തരീക്ഷ സ്ഥിതി എന്നിവ മനസിലാക്കുകയും ഡാറ്റകള്‍ തയ്യാറാക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സമഗ്ര ശിക്ഷ കേരളത്തിന്റെ (എസ്.എസ്.കെ) ധനസഹായത്തോടെയാണ് കാലാവസ്ഥ സ്റ്റേഷന്‍ നിര്‍മിച്ചത്.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഭൂമിശാസ്ത്രം ഐശ്ചിക വിഷയമായി പഠിപ്പിക്കുന്ന സ്‌കൂളുകളിലെ ലാബ് സൗകര്യം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ പൊതുസമൂഹത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍ രൂപീകരിക്കുന്നത്. വിദ്യാലയങ്ങളിലെ ഭൂമിശാസ്ത്ര അധ്യാപകരെയാണ് സ്റ്റേഷന്റെ ചുമതലക്കാരായി നിയോഗിച്ചിരിക്കുന്നത്.

ഭൂപ്രകൃതി വൈവിധ്യം ഏറെയുള്ള കേരളം പോലുള്ള സംസ്ഥാനത്തെ സൂക്ഷ്മമായ കാലാവസ്ഥാ വ്യതിയാനം വിവിധ വിദ്യാലയങ്ങളില്‍ നിരീക്ഷിക്കപ്പെടുമ്പോള്‍ ഈ രംഗത്ത് ശ്രദ്ധേയമായ കുതിച്ചു ചാട്ടമാണ് സാധ്യമാവുക.

കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ മര്‍ദ്ദം, മഴയളവ് തുടങ്ങിയവ സ്റ്റേഷനില്‍ കുട്ടികള്‍ ഓരോ ദിവസവും നിരീക്ഷിച്ച് രേഖപ്പെടുത്തും. ഇതിനായി മഴമാപിനി, അനിമോമീറ്റര്‍, വിന്‍ഡ് വെയ്ന്‍, വെറ്റ് ആന്റ് ഡ്രൈ ബള്‍ബ് തെര്‍മോ മീറ്റര്‍, മോണിറ്റര്‍, വെതര്‍ ഡാറ്റ ബുക് തുടങ്ങി 13 ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്ത് 240 പൊതുവിദ്യാലയങ്ങളിലാണ് വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. പൊതുസമൂഹത്തിന് കൂടി ഗുണപ്രദമാകുന്ന വെതര്‍ സ്റ്റേഷനുകള്‍ കാസര്‍കോട് ജില്ലയില്‍ ഈ വര്‍ഷം അനുവദിക്കപ്പെട്ടത് 11 സ്‌കൂളുകള്‍ക്കാണ്.

മാറിമാറിവരുന്ന അന്തരീക്ഷ സന്തുലിതാവസ്ഥ മനസ്സിലാക്കുന്നതിനും വെതര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥ വിവരങ്ങള്‍ വിദ്യാര്‍ഥികളില്‍ ഗവേഷണ പരിശീലനത്തിനും കാര്‍ഷിക - വ്യവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കും. സ്‌കൂള്‍ വെതര്‍ സ്റ്റേഷനുകള്‍ ദിനാവസ്ഥ ഘടകങ്ങളെക്കുറിച്ചുള്ള പരിക്ഷണനിരീക്ഷണങ്ങള്‍ക്കുള്ള ലാബുകളാക്കി മാറ്റുകയാണ് ലക്ഷ്യം. സ്‌കൂള്‍തലം മുതലുള്ള കൂട്ടികള്‍ക്ക് ഭൗമസാക്ഷരത കൈവരിക്കാനും സാമൂഹിക ഇടപെടലുകള്‍ നടത്താനുമുള്ള അവസരമാകും വെതര്‍ സ്റ്റേഷനുകള്‍.

ഒരു പ്രദേശത്തിന്റെ ദിനാവസ്ഥ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കും എന്നതിനെക്കുറിച്ചുള്ള പ്രായോഗിക അറിവും ശേഖരിച്ച വിവരങ്ങളെ വിശകലനം ചെയ്യുന്നതിനും വെതര്‍ സ്റ്റേഷനുകള്‍ വഴി സാധിക്കും. പ്രാദേശികമായി ശേഖരിക്കപ്പെടുന്ന ദിനാവസ്ഥ വിവരങ്ങളെ ക്രോഡീകരിച്ച് സാമൂഹിക ഇടപെടലുകള്‍ക്ക് പര്യാപ്തമാകുന്ന തരത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്ന അറിവും ഇതിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നു.

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളില്‍ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുവാനും വെതര്‍ സ്റ്റേഷനുകള്‍ സഹായിക്കും. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ ദിനാവസ്ഥ സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഇത്തരം സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും.പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മറ്റും കൂടി വരുമ്പോള്‍ ഇത്തരം സ്റ്റേഷനുകളുടെ പ്രാധാന്യമേറെയാണ്. കാലാവസ്ഥ കേന്ദ്രത്തിന്റെ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നിര്‍വഹിച്ചു.