പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം; ജില്ലാ പഞ്ചായത്തിന് 46 പുതിയ പദ്ധതികള്‍

post

കാസര്‍കോട്: ജില്ലയിലെ പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പുവര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണുമായ പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിലെ കോണ്‍ഫറന്‍സ് ഹാളിന്റെ നിര്‍മാണം അടിയന്തിരമായി നിര്‍മിച്ച് പൂര്‍ത്തിയാക്കുന്നത് കണക്കിലെടുത്ത് നിര്‍മാണ ചുമതല ജില്ലാ നിര്‍മിതി കേന്ദ്രത്തിന് നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, പരപ്പ, കിനാനൂര്‍-കരിന്തളം, കുറ്റിക്കോല്‍, വെസ്റ്റ് എളേരി, ബേഡഡുക്ക, കുമ്പള, വോര്‍ക്കാടി, ദേലമ്പാടി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ ഭേദഗതി പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. പരപ്പച്ചാല്‍ കുടിവെള്ള പദ്ധതി, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പ്രത്യേക ചികിത്സാ പദ്ധതി, പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് മുച്ചക്ര വാഹനം നല്‍കല്‍ തുടങ്ങി ആറ് പുതിയ പദ്ധതികളാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്. ആകെ അടങ്കല്‍ തുക 46,99797 രൂപ. 23 പദ്ധതികള്‍ ഭേദഗതി ചെയ്തു. എട്ട് പദ്ധതികള്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒഴിവാക്കി. കമുകിന്റെ രോഗ ബാധാ നിയന്ത്രണം, വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് മോട്ടോര്‍ അനുവദിക്കല്‍, ഓട്ടമല കുടിവെള്ള പദ്ധതി, വിവിധ സ്ഥാപനങ്ങളില്‍ ശുചിമുറി നിര്‍മാണം തുടങ്ങി 14 പുതിയ പദ്ധതികളാണ് പനത്തടി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചത്.

28 പദ്ധതികള്‍ ഭേദഗതി ചെയ്തു. 12 പദ്ധതികള്‍ ഒഴിവാക്കി. പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ബയോഗ്യാസ് പ്ലാന്റ്, കമ്മാടം ചെറുകുന്ന് റോഡ് നവീകരണം, കോയിത്തട്ട ക്രഷര്‍ റോഡ് പുനരുദ്ധാരണം, നെല്ലിയടുക്കം കുടിവെള്ള പദ്ധതി, മീര്‍ക്കാനം കുടിവെള്ള പദ്ധതി തുടങ്ങി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് 13 പദ്ധതികളാണ് നടപ്പുവര്‍ഷം മുന്നോട്ടുവെക്കുന്നത്. അടങ്കല്‍ തുക 74,33,309 രൂപ. 28 പദ്ധതികള്‍ ഭേഗദഗതി ചെയതു. 12 എണ്ണം ഒഴിവാക്കി. അതിദാരിദ്ര്യ വിഭാഗത്തില്‍പെട്ട ഭവനരഹിതര്‍ക്ക് വീട് അനുവദിക്കല്‍, ബന്തടുക്ക ബസ് സ്റ്റാന്‍ഡില്‍ ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റ് സൗകര്യവും ഓവുചാല്‍ നിര്‍മാണവും, ബന്തടുക്ക ഹോമിയോ ആശുപത്രി മെയിന്റനന്‍സ്, പഞ്ചായത്തിലെ കമ്പ്യൂട്ടറും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെ 28 പുതിയ പദ്ധതികളാണ് കുറ്റിക്കോല്‍ പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്.

74 പദ്ധതികള്‍ ഭേദഗതി ചെയ്തു. 15 പദ്ധതികള്‍ ഒഴിവാക്കി. വിവിധ റോഡുകളുടെ നവീകരണവും പൊതു സ്ഥാപനങ്ങളില്‍ ബയോ ബിന്‍ സ്ഥാപിക്കലും തുടങ്ങി 25 പുതിയ പദ്ധതികളാണ് നടപ്പ് വര്‍ഷം വെസ്റ്റ് എളേരി പഞ്ചായത്ത് നടപ്പാക്കാന്‍ പോകുന്നത്. 42 പദ്ധതികള്‍ ഭേദഗതി ചെയ്തു. എട്ട് പദ്ധതികള്‍ ഒഴിവാക്കി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് 20 പുതിയ പദ്ധതികളാണ് അവതരിപ്പിക്കുന്നത്. പോള കുടിവെള്ള പദ്ധതി, മിനി എം.സി.എഫ് സ്ഥാപിക്കല്‍, വിവിധ റോഡ് റീടാറിംഗ് തുടങ്ങിയവ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

30 പദ്ധതികള്‍ ഭേദഗതി ചെയ്തു. 22 പദ്ധതികള്‍ പഞ്ചായത്ത് ഒഴിവാക്കി. യുനാനി ആശുപത്രി നവീകരണം, ആരിക്കാടി ധൂമാവതി കുടിവെള്ള പദ്ധതി ഉള്‍പ്പെടെ 22 പദ്ധതികളാണ് കുമ്പള ഗ്രാമ പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷം മുന്നോട്ടുവെക്കുന്നത്. 19 പദ്ധതികള്‍ ഭേദഗതി ചെയ്തു 28 പദ്ധതികള്‍ ഒഴിവാക്കി. വോര്‍ക്കാടി പഞ്ചായത്ത് രണ്ട് പദ്ധതികളാണ് പുതിയതായി അവതരിപ്പിക്കുന്നത്. ഒരു പദ്ധതി ഭേദഗതി ചെയ്തു. ദേലമ്പാടി ഗ്രാമ പഞ്ചായത്ത് 33 പുതിയ പദ്ധതികള്‍ നടപ്പ് വര്‍ഷം മുന്നോട്ടുവെക്കുന്നു. 56 പദ്ധതികള്‍ ഭേദഗതി ചെയ്തു. 18 പദ്ധതികള്‍ ഒഴിവാക്കി.

ജില്ലാ പഞ്ചായത്തിന് 46 പുതിയ പദ്ധതികള്‍

ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച 63 ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 46 പുതിയ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്. 45 പദ്ധതികള്‍ ഒഴിവാക്കി. ലൈഫ് ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് പട്ടിക ജാതി ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍, ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ കുടിവെള്ള സൗകര്യം ഒരുക്കല്‍, ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ സോളാര്‍ പാടം സ്ഥാപിക്കല്‍, ബഡ്സ് സ്‌കൂള്‍ നടത്തിപ്പിന് ഗ്രാമ പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍, ജില്ലാ പഞ്ചായത്ത് സ്‌കൂളുകള്‍ക്ക് ലാപ് ടോപ്പ് നല്‍കല്‍, ഹൈസ്‌കൂളുകളില്‍ കുടിവെള്ള സൗകര്യവും ലാബ് സൗകര്യവും ഒരുക്കല്‍, കാപ്പില്‍ കുളം നവീകരണം, ജില്ലാ പഞ്ചായത്ത് സ്‌കൂളുകള്‍ വൈദ്യുതീകരിക്കല്‍, ചായ്യോത്ത് ജി.എച്ച്.എസ്.എസ്സില്‍ മോഡല്‍ ലാബ് സജ്ജീകരണം, ഹൈസ്‌കൂളുകളില്‍ ഷീ പാഡ് പദ്ധതി, ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ ബയോ ഗ്യാസ് പ്ലാന്റ് നിര്‍മാണം, ജില്ലാ വികസന രേഖ തയ്യാറാക്കലും സെമിനാര്‍ സംഘടിപ്പിക്കലും തുടങ്ങിയവയാണ് ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.