ലഹരിമാഫിയയുടെ പ്രലോഭനത്തെ തടയാന്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം

post

കാസര്‍കോട്: യുവ സമൂഹത്തില്‍ ലഹരിമാഫിയ നടത്തുന്ന പ്രലോഭനത്തെ തടയാന്‍ എല്ലാ വിഭാഗം ജനങ്ങളും സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ ഒരേ മനസ്സായി പ്രവര്‍ത്തിക്കണമെന്ന് തുറമുഖം പുരാരേഖാ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. എക്‌സൈസ് വിമുക്തി മിഷന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടന്ന ലഹരിയില്ലാ തെരുവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയും പ്രായവ്യത്യാസമില്ലാതെയും ലഹരി വസ്തുക്കളുടെ ഉപയോഗം പടര്‍ന്നു പന്തലിക്കുകയാണെന്നും ഊഹിക്കുന്നതിലും അപ്പുറമാണ് ലഹരി മാഫിയയുടെ സ്വാധീനമെന്നും അദ്ദേഹം പഞ്ഞു. മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്‌നമായി വളര്‍ന്ന് വന്ന് ആഗോള പ്രശ്‌നമായി മാറുകയാണ്. ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം.

എം.ഡി.എം.എ പോലെയുള്ള പുതിയ ലഹരി പദാര്‍ഥങ്ങള്‍ മദ്യത്തേക്കാള്‍ മാരകമാണ്. വിദ്യാലയങ്ങള്‍, ഇതര സ്ഥാപനങ്ങള്‍, വിജനമായ ഇടങ്ങള്‍, അപരിചിത സൗഹൃദങ്ങള്‍, പഠനോപകരണങ്ങള്‍ ,അസ്വാഭാവികമായ പെരുമാറ്റം, കൂടിയ പണം തുടങ്ങി എല്ലായിടത്തും സര്‍വത്ര നിരീക്ഷണവും ജാഗ്രതയും അനിവാര്യമാണ്. ചെറിയ അളവില്‍ സൗജന്യമായി ലഹരി വസ്തുക്കള്‍ നല്‍കിയാണ് ലഹരി മാഫിയ കൗമാരപ്രായക്കാരെ വലയില്‍ വീഴ്ത്തുന്നത്.

സൗജന്യമായി ലഭിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം നിത്യ ഉപഭോക്താക്കളാകുന്ന കൗമാര പ്രായക്കാരെ പതിയെ ഏജന്റുമാരാക്കിയാണ് ലഹരിമാഫിയ വിദ്യാലയങ്ങളില്‍ വേരുറപ്പിക്കുന്നത്. ലഹരി വിപത്തിനെതിരെയുള്ള ബോധവത്ക്കരണവും കാലഘട്ടത്തിന്റെ ആവശ്യമാണ്. ജീവിതത്തിലൊരിക്കലും ഒരു തരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കുകയില്ലെന്ന് ദൃഢ പ്രതിജ്ഞ ചെയ്യാന്‍ കലാലയ ജീവിതം പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. സബ് കളക്ടര്‍ സൂഫിയന്‍ അഹമ്മദ് സംസാരിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഡി.ബാലചന്ദ്രന്‍ സ്വാഗതവും ജില്ലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആന്റ് ഇന്‍ ചാര്‍ജ് വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ ടോണി എസ് ഐസക് നന്ദിയും പറഞ്ഞു.