'അയ്മനം ഫെസ്റ്റ്' നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് വഴിയൊരുക്കും

post

അയ്മനം ഫെസ്റ്റ് നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നാടിന്റെ ഒത്തൊരുമയുടെ വിജയമാണ് അയ്മനം ഫെസ്റ്റ്. അന്യംനിന്നു പോയ പല കലാരൂപങ്ങളും ഫെസ്റ്റിലൂടെ തിരികെ കൊണ്ടു വരാനായി. അയ്മനത്തിന്റെ ടൂറിസം മേഖലയിലെ അനന്തസാധ്യതകൾ ഫെസ്റ്റിൽ ചർച്ചയായി. നാടിന്റെ സാമ്പത്തികവും, സാംസ്‌കാരികവും, സാമൂഹികവുമായ മുന്നേറ്റം കൂടിയാണ് അയ്മനം ഫെസ്റ്റ് ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു.

സമാപന സമ്മേളനത്തിനു മുന്നോടിയായി കുടയംപടിയിൽനിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ഗരുഡൻ തൂക്കം, കഥകളി, കോൽക്കളി, അമ്മൻകുടം തുടങ്ങിയ ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രക്കു പകിട്ടേകി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന കലാ കായിക മത്സരങ്ങളിലെ വിജയികൾക്കു മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. അയ്മനത്തിന്റെ സാമ്പത്തിക, സാമൂഹിക, തൊഴിൽ രംഗങ്ങളിൽ സംഭാവനകൾ നൽകിയ സംരംഭകരേയും മന്ത്രി വി.എൻ. വാസവൻ യോഗത്തിൽ ആദരിച്ചു.