കൊറോണ പ്രതിരോധത്തിന് ജനകീയ കൂട്ടായ്മ വേണം: കടകംപള്ളി സുരേന്ദ്രന്‍

post

തിരുവനന്തപുരം: കൊറോണ രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനകീയമായ ഇടപെടലുകളിലൂടെ നടപ്പാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവര്‍ വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് പ്രാദേശിക തലത്തില്‍ തന്നെ ഉറപ്പാക്കേണ്ടതാണ്. വാര്‍ഡ് മെമ്പര്‍മാര്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. 

വിദേശത്ത് നിന്ന് വരുന്നവര്‍ രോഗ ലക്ഷണങ്ങളില്ലെന്ന കാരണത്താല്‍ ആരോഗ്യവകുപ്പുമായി സഹകരിക്കാതിരിക്കുന്നത് നല്ലതല്ല. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിക്കണം. കോറോണ ബാധ സംശയിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനം സംസ്‌കാരമുള്ള സമൂഹത്തിന് ചേരുന്നതല്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവങ്ങള്‍, വിവാഹം തുടങ്ങി ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങള്‍ പരമാവധി ഒഴിവാക്കണം. കൊറോണയെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ ജാഗ്രതയോടെ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും കൊറോണ ബാധിത മേഖലയിലുള്ളവര്‍ സംസ്ഥാനത്ത് പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ പറഞ്ഞു. അതാത് പ്രദേശങ്ങളില്‍ കൊറോണ ബാധിത മേഖലയില്‍ നിന്നുവന്നവര്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും ആരോഗ്യവകുപ്പിനെ അറിയിക്കാനും എല്ലാവരും ശ്രദ്ധിക്കണം. പ്രതിരോധത്തിനുള്ള സാധ്യമായ സംവിധാനങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടുകൂടിയേ വിജയകരമായി പ്രതിരോധം നടപ്പാക്കാനാകുവെന്നും മന്ത്രി പറഞ്ഞു. 

ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.