അക്ഷര മുത്തശ്ശിക്ക് ഇത് ഇരട്ടിമധുരം

post

ഭാഗീരഥിയമ്മയെ തേടി  സാമൂഹ്യ സുരക്ഷാ പെന്‍ഷനും  

കൊല്ലം: സംസ്ഥാനത്തിന്റെ അക്ഷരമുത്തശ്ശിക്ക് ഇത് ഇരട്ടി മധുരം. നാരീശക്തി പുരസ്‌കാരത്തിന് പിന്നാലെ ഭാഗീരഥിയമ്മയെ തേടി വാര്‍ധക്യകാല പെന്‍ഷനെത്തി. 105 ന്റെ നിറവില്‍ അക്ഷരങ്ങളെ തോഴരാക്കിയ മുത്തശ്ശിക്ക് ഇനി തുടര്‍ പഠനത്തിനായി പെന്‍ഷന്‍ തുക വിനിയോഗിക്കാം. ഈ നിമിഷത്തില്‍ നിറഞ്ഞ സന്തോഷവും അഭിമാനവും തോന്നുവെന്ന് ഭാഗീരഥിയമ്മ.

പ്രായത്തിന്റെ അവശതമൂലം നാരീശക്തി പുരസ്‌കാരം രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് നേരിട്ട് വാങ്ങാന്‍  കഴിയാഞ്ഞതിലുള്ള ചെറിയ ദുഃഖം ഇതോടെ വലിയ സന്തോഷത്തിലേക്ക് വഴിമാറി. പെന്‍ഷന്‍ അനുവദിച്ചുകൊണ്ടുള്ള അനുമതിപത്രം തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ പിള്ളയുടെ സാന്നിധ്യത്തില്‍  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് ഭാഗീരഥിയമ്മക്ക് കൈമാറി. മനസില്‍ ഒരു ലക്ഷ്യവും അത് നേടിയെടുക്കാനുള്ള കഠിനാധ്വാനവുമുണ്ടെങ്കില്‍  പ്രായം ഒന്നിനുമൊരു  തടസമല്ലെന്നതിന്റെ തെളിവാണ് ഭാഗീരഥിയമ്മയെന്ന് അദ്ദേഹം പറഞ്ഞു.

ഭാഗീരഥിയമ്മ ഒരു വര്‍ഷം മുന്‍പ് പെന്‍ഷനു വേണ്ടി  അപേക്ഷിച്ചിരുന്നു. എന്നാല്‍  ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സാധിച്ചില്ല. പ്രായാധിക്യം മൂലം വിരലടയാളം രേഖപ്പെടുത്താന്‍ കഴിയാത്തതിനാലാണ്  ആധാര്‍ കാര്‍ഡ് ലഭിക്കാഞ്ഞത്. ജില്ലാ ഭരണകൂടത്തിന്റെയും തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് സാങ്കേതിക തടസങ്ങള്‍ നീക്കി ദിവസങ്ങള്‍ക്കുള്ളില്‍ വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്. മുന്‍കാല പ്രാബല്യത്തോടെ പ്രതിമാസ പെന്‍ഷനായി 1500 രൂപയാണ് ഇനി ഭാഗീരഥിയമ്മക്ക്    ലഭിക്കുക. സെക്രട്ടറി ആര്‍ സുനില്‍കുമാര്‍, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.