കൂടാളിക്കാർക്ക് പഞ്ചായത്തിന്റെ കരുതലും കാവലും

post

കണ്ണൂർ: ജീവിതശൈലി രോഗങ്ങളിൽ നിന്നും കൂടാളിയിലെ ജനങ്ങളെ രക്ഷിക്കാൻ പഞ്ചായത്തിന്റെ 'കരുതലും കാവലും'പദ്ധതി. സൗജന്യ രക്ത പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ച് പ്രമേഹം, കൊളസ്‌ട്രോൾ, ക്രിയാറ്റിൻ, രക്തസമ്മർദം എന്നിവ പരിശോധിച്ച് ആവശ്യമുള്ളവർക്ക് ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാൽ ഗുരുതരാവസ്ഥ ഒഴിവാക്കാൻ സാധിക്കുമെന്നതിനാലാണ് കൂടാളി പഞ്ചായത്ത് ഈ പദ്ധതി ആവിഷ്‌കരിച്ചത്. 18നും 50നും മധ്യേ പ്രായമുള്ളവർക്കാണ് ക്യാമ്പ് സംഘടിപ്പിക്കുക. 50 വീടിന് ഒരു ക്യാമ്പ് എന്ന രീതിയിലാണ് പഞ്ചായത്തിലെ 18 വാർഡുകളിലും സംഘടിപ്പിക്കുക. ഇക്കാര്യം ആശാ പ്രവർത്തകർ മുൻകൂട്ടി വീടുകളിൽ അറിയിക്കും. കൂടാളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മൊബൈൽ പരിശോധന സംവിധാനമാണ് ഉപയോഗിക്കുക. പരിശോധനക്ക് ശേഷം തുടർചികിത്സക്കുള്ള സഹായവും പദ്ധതിയിലൂടെ ഒരുക്കും.

മട്ടന്നൂർ മണ്ഡലം സമഗ്ര ആരോഗ്യ പദ്ധതി 'മാറ്റൊലി'യുടെ ഭാഗമായാണ് പഞ്ചായത്ത് 'കരുതലും കാവലും' നടപ്പാക്കുന്നത്. 2022-2023 സാമ്പത്തിക വർഷത്തിൽ രണ്ടു ലക്ഷം രൂപ പഞ്ചായത്ത് ഇതിനായി മാറ്റിവെച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ പറഞ്ഞു.