പയ്യാവൂർ വാതക ശ്മശാനം നാടിന് സമർപ്പിച്ചു

post

ഹരിതകർമ സേന ശുചിത്വ കേരളത്തിന്റെ മുന്നണി പോരാളികൾ: എം ബി രാജേഷ്

സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായ ശുചിത്വ കേരളത്തിന്റെ മുന്നണി പോരാളികളാണ് ഹരിത കർമ്മ സേനാംഗങ്ങളെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പയ്യാവൂർ പഞ്ചായത്തിൽ ആധുനിക വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക വികസന കോർപ്പറേഷൻ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് അനുവദിച്ച മൂന്ന് കോടി രൂപയുടെ വായ്പാ വിതരണത്തിന്റെയും ഉദ്ഘാടനവും മന്ത്രി നടത്തി.

സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ രാപ്പകൽ പണിയെടുക്കുന്നവരാണ് ഹരിത കർമസേനാംഗങ്ങൾ. ചില ഘട്ടങ്ങളിൽ ഇവരുടെ പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുന്ന പ്രവണതകൾ സമൂഹത്തിൽ ഉയർന്നു വരുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ ഹരിതകർമ സേനാംഗങ്ങൾക്ക് ആവശ്യമായ നിയമ സഹായം സർക്കാർ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. പയ്യാവൂർ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സാജു സേവ്യർ അധ്യക്ഷത വഹിച്ചു.

പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ പയറ്റടിപ്പറമ്പിലെ പരമ്പരാഗത ശ്മശാനത്തിന് പകരമാണ് ആധുനിക വാതക ശ്മശാനം സ്ഥാപിച്ചത്. പഞ്ചായത്തിന് സംഭാവനയായി കിട്ടിയ രണ്ടേക്കർ സ്ഥലത്ത് 2500 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. 2017 മുതൽ വിവിധ ഘട്ടങ്ങളിലായി 1,06,26,612 രൂപ ചെലഴിച്ചാണ് ശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.