നൂതന ആശങ്ങളുടെ പ്രദര്‍ശനമായി ഗ്രാമീണ ഗവേഷക സംഗമം

post

കാസർകോട്: ഇന്റര്‍മീഡിയേറ്റ് ലോഡ് പ്രൊട്ടക്ടര്‍ ആന്‍ഡ് പവര്‍ സേവര്‍ മുതല്‍ ത്രീ ഇന്‍ വണ്‍ എനര്‍ജി എഫിഷിയന്റ് സ്റ്റവ് വരെ. ആയാസരഹിതമായി തേങ്ങ പൊതിക്കാവുന്ന പാര മുതല്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ക്വാളിറ്റി ടെസ്റ്റര്‍ വരെ. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിലെ കാഴ്ചകളാണിത്. കേരളത്തിലെ സാധാരണക്കാരായ ഗ്രാമീണ ഗവേഷകര്‍ തയ്യാറാക്കിയ സാങ്കേതിക വിദ്യകളാണ് ഗവേഷക സംഗമത്തിലെ പ്രദര്‍ശനത്തില്‍ അണിനിരന്നത്.


വീടുകളിലും സ്ഥാപനങ്ങളിലും പാഴായി പോകുന്ന വൈദ്യുതിയെ നിയന്ത്രിച്ച് ഊര്‍ജ ലാഭം നേടാന്‍ സാധിക്കുന്ന ഇന്റര്‍മീഡിയേറ്റ് ലോഡ് പ്രൊട്ടക്ടര്‍ ആന്‍ഡ് പവര്‍ സേവര്‍ (ഐ.എല്‍.പി.എസ്) എന്ന ഉപകരണവുമായാണ് ഇടുക്കിയില്‍ നിന്നുള്ള ബിജു നാരായണ്‍ സംഗമത്തിന് എത്തിയത്. വൈദ്യുതി ചിലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ സംവിധാനത്തിന് പ്രസക്തി ഏറെയാണെന്ന് ബിജു നാരായണന്‍ പറയുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഈ ഉപകരണം ഉപയോഗിച്ച് വൈദ്യുതി ചിലവ് ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിലും സ്ഥാപനങ്ങളിലും ഐ.എല്‍.പി.എസ് ഉപയോഗിക്കുന്നതുവഴി അഞ്ചു മുതല്‍ 22 ശതമാനം വരെ വൈദ്യുതി ലാഭവും അതുവഴി കറന്റു ബില്ലില്‍ കുറവും വരുന്നു. വിവിധ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനനുസരിച്ച് മോഡുകള്‍ മാറ്റി വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. ഇടുക്കി തൊടുപുഴ പഴുത്തില മച്ചനാനിക്കല്‍ ബിജു നാരായണന്‍ വര്‍ഷങ്ങളായി ഇലക്ട്രോണിക്സ് മേഖലയില്‍ പ്രവര്‍ത്തികുകയും ഇന്നവേറ്റര്‍ അവാര്‍ഡ് അടക്കം നേടിയിട്ടുള്ള ഗ്രാമീണ ഗവേഷകനുമാണ്.

ചാലക്കുടി സഹൃദയ എന്‍ജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളാണ് ഡെയ്ലി വാട്ടര്‍ ക്വാളിറ്റി ചെക്കര്‍ എന്ന സാങ്കേതിക വിദ്യയ്ക്കു പിന്നില്‍. വീടുകളിലെയും മറ്റും വാട്ടര്‍ ടാങ്കുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം മൊബൈല്‍ ഫോണ്‍ ആപ്പ് വഴി അറിയാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഈ മൂന്നംഗ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയത്.

ഉപകരണം ടാങ്കില്‍ ഘടിപ്പിച്ചാല്‍ എല്ലാദിവസവും ടാങ്കിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉപകരണം വഴി പരിശോധിക്കാന്‍ സാധിക്കും. വെള്ളത്തിന്റെ ഗുണമേന്മയില്‍ കുറവുണ്ടായാല്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ അത് സംബന്ധിച്ച മുന്നറിയിപ്പും ലഭിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഹെന്‍വിന്‍ ജോയ്, മരിയ ഷാജു, ഗ്രനന്റ് പോള്‍ റാഫി എന്നിവരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍.

തൃശൂരില്‍ നിന്നുള്ള പി.വി.ഷൈജു തേങ്ങ ആട്ടി എണ്ണ ആക്കുന്നതിനും ഇഡിയപ്പം ഉണ്ടാക്കാനും തേങ്ങ ചിരകുന്നതിനുമുള്ള ത്രീ ഇന്‍വണ്‍ ഉപകരണമാണ് തയ്യാറാക്കി പ്രദര്‍ശിപ്പിച്ചത്. ചെറിയ അളവിലുള്ള തേങ്ങ മില്ലുകളില്‍ എത്തിച്ച് ആട്ടി എണ്ണയാക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തില്‍ ഷൈജുവിന്റെ ഈ കണ്ടുപിടിത്തം ഏറെ ഉപകാരപ്രദമാണ്. അരമണിക്കൂര്‍ സമയത്തില്‍ അരലിറ്റര്‍ എണ്ണ ആട്ടി എടുക്കാന്‍ സാധിക്കും. ഷൈജു മുമ്പ് നിര്‍മിച്ച മുളകിന്റെ ഞെടുപ്പ് കളയുന്ന സാങ്കേതിക വിദ്യയ്ക്ക് റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡ് അടക്കം ലഭിച്ചിരുന്നു.

കാലും കൈയ്യും ഉപയോഗിച്ച് തേങ്ങ പൊതിക്കാന്‍ സഹായിക്കുന്ന ഉപകരണം, ഗ്രാമ്പുവിന്റെ തൊണ്ട് കളയുന്ന ഉപകരണം, കുഴി എടുക്കാനുള്ള ഉപകരണം ഇത്തരത്തില്‍ കാര്‍ഷിക മേഖലയ്ക്ക് കരുത്താകുന്ന ഒരുപിടി കണ്ടുപിടിത്തങ്ങള്‍ ഗ്രാമീണ ഗവേഷക സംഗമത്തിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നു. വിവിധ കാര്‍ഷിക മേഖലകള്‍ക്ക് ഉപയോഗപ്രദമായ നൂതനമായ ആശയങ്ങളുടെ പ്രദര്‍ശനമാണ് ഗ്രാമീണ ഗവേഷക സംഗമത്തില്‍ കാണാന്‍ സാധിക്കുക.