പ്രീപ്രൈമറി സ്‌കൂളുകൾക്ക് ആക്റ്റിവിറ്റി ഏരിയകൾ സ്ഥാപിക്കാൻ 44 കോടി രൂപയുടെ പദ്ധതി

post

സമഗ്ര ശിക്ഷാ കേരളയുടെ 'സ്റ്റാർസ്' പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം 440 അംഗീകൃത പ്രീപ്രൈമറി സ്‌കൂളുകൾക്ക് ആക്റ്റിവിറ്റി ഏരിയകൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വീതം അനുവദിക്കാൻ അനുമതി നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. യുപി സ്കൂളിൽ മോഡൽ പ്രീ പ്രൈമറി 'വർണ്ണ കൂടാരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ആകെ 44 കോടി രൂപയാണ് ആക്റ്റിവിറ്റി ഏരിയകൾ സ്ഥാപിക്കുന്നതിന് ചെലവഴിക്കുക. മുൻ വർഷം സമഗ്രശിക്ഷാ കേരളം വഴി 15 ലക്ഷം രൂപ വീതം അനുവദിച്ച് നടപ്പിലാക്കിയ 42 മാതൃകാ പ്രീ സ്‌കൂളുകൾ, സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ച് നടപ്പിലാക്കിയ 168 ആക്റ്റിവിറ്റി ഏരിയകളോടു കൂടിയ പ്രീ സ്‌കൂളുകൾ എന്നിവയുടെ തുടർച്ചയായാണ് പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് പദ്ധതി നടപ്പിലാക്കുന്നത്.

കളിയാണ് രീതി, സ്‌നേഹമാണ് ഭാഷ എന്നതാണ് പ്രീ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ കേരളം കൈക്കൊണ്ടിട്ടുള്ള സമീപനം. പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിന് ഉച്ചഭക്ഷണം നൽകുന്ന കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി. ടി. എ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ഗേറ്റ്, ഇന്റർലോക്ക് പതിച്ച നടപ്പാത എന്നിവയുടെ ഉദ്ഘാടനവും മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ നയം സർവ്വമേഖലകളിലേക്കും വ്യാപിപ്പിച്ച് കൊണ്ട് കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.