മൂര്യങ്കേരി - കട്ടപ്പുറം തരിശ് നിലം കൃഷിയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം

post

കാൽനൂറ്റാണ്ടോളം തരിശ് കിടന്ന വെച്ചൂർ മൂര്യങ്കേരി - കട്ടപ്പുറം പാടശേഖരം കൃഷിയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തരിശ് നിലം കൃഷിയോഗ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു.

സ്വകാര്യ വ്യക്തികൾ സ്വന്തമാക്കി കാൽ നൂറ്റാണ്ടോളം തരിശിട്ടിരുന്ന വെച്ചൂർ പഞ്ചായത്ത് 13-ാം വാർഡിലെ മൂര്യങ്കേരി - കട്ടപ്പുറം പാടശേഖരത്ത് കൃഷിയിറക്കാൻ പഞ്ചായത്തിന് അനുമതി നൽകി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നത്. വെച്ചൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിനവ് എന്ന പുരുഷസ്വയം സഹായ സംഘമാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്.

മൂര്യങ്കേരി - കട്ടപ്പുറം പാടശേഖരങ്ങളിലെ 53 ഏക്കർ തരിശ് നിലമാണ് ഘട്ടംഘട്ടമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി 1735 തൊഴിൽ ദിനങ്ങളാണ് പദ്ധതിക്കായി ലഭ്യമാക്കും. 176 തൊഴിലുറപ്പ് തൊഴിലാളികളെ പദ്ധതിക്കായി നിയോഗിച്ചിട്ടുണ്ട്. മൂര്യങ്കേരി - കട്ടപ്പുറം പാടശേഖരം കൃഷിയോഗ്യമാകുന്നതോടെ കാർഷിക ഉദ്പാദനം വർദ്ധിക്കുന്നതോടൊപ്പം തന്നെ കാലങ്ങളായി ഈ പ്രദേശത്ത് നിലനിന്നിരുന്ന വെള്ളക്കെട്ടിനും അതുമൂലം പ്രദേശവാസികൾ നേരിട്ടിരുന്ന ത്വക്ക് രോഗം അടക്കമുള്ള പല രോഗങ്ങൾക്കും പരിഹാരമാകും.